ആലപ്പുഴ : ജില്ലയിൽ തുടർച്ചയായുണ്ടാകുന്ന അപകടങ്ങളിലും മരണങ്ങളിലും വില്ലൻ അശ്രദ്ധമായ ഡ്രൈവിംഗാണെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും വെളിപ്പെടുത്തുന്നു. കളർകോട് മെഡിക്കൽ വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയത് മുതൽ ഏറ്റവുമൊടുവിൽ കാൽനടയാത്രക്കാരന്റെ മരണത്തിനിടയാക്കിയ പട്ടണക്കാട്ടെ അപകടത്തെപ്പറ്റി വരെ നടത്തിയ അന്വേഷണത്തിലാണ് അമിതവേഗവും അശ്രദ്ധമായ ഡ്രൈവിംഗുമാണ് റോഡുകളെ ചോരക്കളമാക്കിയതെന്ന് വ്യക്തമായത്. അപകടങ്ങൾ തുടർക്കഥയായതോടെ ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ കടുപ്പിക്കാനാണ് തീരുമാനം. സംയുക്ത പരിശോധന ജനുവരി അവസാനം വരെ നീട്ടാനും തീരുമാനമായി.

ആറുവിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ കളർകോട്ടെ അപകടം അശാസ്ത്രീയമായ ഓവർടേക്കിംഗും അമിതവേഗവും കാറിന്റെ കാലപ്പഴക്കവും കാരണം സംഭവിച്ചതാണെങ്കിൽ പിന്നീടുണ്ടായ അപകടങ്ങളിൽ ഡ്രൈവിംഗിലെ അശ്രദ്ധയാണ് ദുരന്തങ്ങൾക്ക് കാരണമായത്. കളവംകോടം കൊള്ളപ്പള്ളിയിൽ നിർത്തിയിട്ടിരുന്ന ലോറിയ്ക്ക് പിന്നിൽ സ്വകാര്യ ബസ് ഇടിച്ച് കൈക്കുഞ്ഞുൾപ്പെടെ 28 പേർക്ക് പരിക്കേറ്റതിൽ ബസിന്റെ അമിത വേഗത്തിനൊപ്പം റോഡ് പാർക്കിംഗിനുപയോഗിച്ചതും വിനയായി. ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം കഴിഞ്ഞ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് വീട്ടമ്മയുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണവും കാർ ഡ്രൈവറുടെ വീഴ്ചയാണെന്നാണ് കണ്ടെത്തിയത്. അമിത വേഗത്തിലെത്തിയ കാർ തെറ്റായ ദിശയിൽ സഞ്ചരിച്ച് ടൂറിസ്റ്റുകൾ സഞ്ചരിച്ച വാഹനത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് സി.സി ടിവി ദൃശ്യങ്ങളിൽ നിന്ന് മനസിലായതെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗവും ട്രാഫിക് പൊലീസും വെളിപ്പെടുത്തി. തുടർച്ചയായ അപകടങ്ങളുടെ പശ്ചാത്തലത്തിൽ ചേർത്തല കേന്ദ്രീകരിച്ച് പരിശോധന ശക്തമായി തുടരവേയാണ് തുറവൂരിൽ സ്കൂട്ടർ യാത്രക്കാരനായ കോടന്തുരുത്ത് നെടുംചിറ നികർത്തിൽ രഹിനും(33) പട്ടണക്കാട് പുതിയകാവിന് സമീപം ബൈക്കിടിച്ച് അരൂർ അമ്പനേഴത്ത് വാസവനും (85) മരണപ്പെട്ടത്.

ചേർത്തല താലൂക്കിൽ മരിച്ചത് 12പേർ

 കഴിഞ്ഞ ഒരുമാസത്തിനകം 12 പേരാണ് ചേർത്തല താലൂക്കിൽ മാത്രം അപകടങ്ങളിൽ മരിച്ചത്

 നിർമ്മാണ പ്രവർത്തനങ്ങൾ ദേശീയപാതയിലാണ് അപകടങ്ങളിൽ അധികവും സംഭവിച്ചത്

 അരൂർ- തുറവൂർ ഭാഗത്തെ സമയനഷ്ടം പരിഹരിക്കാനുള്ള പരക്കം പാച്ചിൽ വില്ലനാകുന്നു

 റോഡിന്റെ വീതിക്കുറവും ദുർഘടാവസ്ഥയും ദുരന്തങ്ങൾ ക്ഷണിച്ചുവരുത്തുന്നുണ്ട്

മദ്യമൊഴികെയുള്ള ലഹരി വസ്തുക്കൾ ഉപയോഗിച്ചശേഷം വാഹനം ഓടിക്കുന്നവരെ കണ്ടെത്താനാകാത്തത് വെല്ലുവിളിയാണ്. സീറ്റ് ബെൽറ്റ്, ഹെൽമറ്റ് പരിശോധനകൾക്കാണ് പ്രാധാന്യം. വാഹന രേഖകളും പരിശോധിക്കുന്നുണ്ട്. അപകടം വർദ്ധിക്കുന്നത് കണക്കിലെടുത്ത് പരിശോധനകളുടെ എണ്ണവും സമയവും കൂട്ടും

-എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ആലപ്പുഴ