
ആലപ്പുഴ: ഓട്ടത്തിനിടെ എൻജിൻ തകരാറിലായ കെ.എസ്.ആർ.ടി.സി മിന്നൽ ബസിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച പുലർച്ചെ 4.30ന് പാതിരപ്പള്ളിക്ക് സമീപമായിരുന്നു സംഭവം. കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിൽ നിന്നാണ് പുക ഉയർന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഡ്രൈവർ ബസ് വശത്തേക്ക് ഒതുക്കി നിർത്തി. 30 ഓളം യാത്രക്കാരെ പുറത്തിറക്കിയശേഷം കണ്ടക്ടർ സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ബക്കറ്റിൽ വെള്ളമെത്തിച്ച് പുക ഉയർന്ന ഭാഗത്തേക്ക് ഒഴിച്ചു. ഇതിനിടെ യാത്രക്കാരനായ
രാജേഷ് ആലപ്പുഴ ഫയർ സ്റ്റേഷനിലും വിവരം അറിയിച്ചു. ഫയർഫോഴ്സെത്തി അപകടം ഒഴിവാക്കി. എൻജിന്റെ കൂളിംഗ് സിസ്റ്റത്തിന്റെ തകരാറാണ് പുക ഉയരാൻ കാരണം.
സംഭവ സ്ഥലത്തെത്തിയ അഗ്നിരക്ഷ സേനാംഗങ്ങൾ ആലപ്പുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ അറിയിച്ചതിനെ തുടർന്ന് യാത്രക്കാർക്ക് തുടർ യാത്രയ്ക്കുള്ള സൗകര്യം സജ്ജമാക്കി.
തകരാറിലായ ബസ് ബ്രേക്ക് ഡൗൺ റിക്കവറി വാഹനത്തിന്റെ സഹായത്തോടെ ആലപ്പുഴ ഡിപ്പോയിലേക്ക് മാറ്റി. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ തോമസ് ഡാനിയേലിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർമാരായ ജോബിൻ ജോസഫ്, മഹേഷ്, ലോറൻസ് പി.എഫ്, ബെഞ്ചമിൻ എ.ജെ, അനീഷ് കെ.ആർ, ആന്റണി കെ.എസ്, ഡാനി ജോർജ് ,ഉദയകുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.