ആലപ്പുഴ: അരമണിക്കിലുക്കി ചടുലതാളത്തിന്റെ അകമ്പടിയിൽ മുല്ലയ്ക്കൽ തെരുവിൽ പുലിയിറങ്ങി. മുല്ലയ്ക്കൽ, കിടങ്ങാംപറമ്പ് ചിറപ്പിന് ആദ്യമായിറങ്ങിയ പുലിക്കൂട്ടത്തെ കാണാൻ നഗരത്തിലേക്ക് ജനം ഒഴുകിയെത്തി. കിടങ്ങാംപറമ്പ് ക്ഷേത്രത്തിലെ മണ്ഡലമഹോത്സവത്തോടനുബന്ധിച്ചാണ് ആലപ്പുഴയിൽ ആദ്യമായി പുലിക്കളി അരങ്ങേറിയത്.
ദാസപ്പൻ തൃശൂരിന്റെ നേതൃത്വത്തിൽ പെൺപുലികൾ ഉൾപ്പെടെ മുപ്പതുപേരുടെ സംഘമാണ് ഇന്നലെ വൈകിട്ട് നഗരത്തിൽ വിളയാടിയത്. മുഹമ്മ മധുവിന്റെ നേതൃത്വത്തിലുള്ള വാദ്യ സംഘം അകമ്പടിയായതോടെ നഗരത്തിൽ പൂരക്കാഴ്ച തന്നെ ഒരുങ്ങി. വൈകിട്ട് അഞ്ചരയോടെ മുല്ലയ്ക്കൽ ക്ഷേത്ര പരിസരത്ത് നിന്നായിരുന്നു പുലികളിയുടെ തുടക്കം. തുടർന്ന് കിടങ്ങാംപറമ്പ് ഭുവനേശ്വരി ക്ഷേത്രമൈതാനത്ത് പുലികൾ തകർത്താടി.
കിടങ്ങാംപറമ്പിൽ ഇന്ന്
രാവിലെ 4.30ന് പള്ളിയുണർത്തൽ, 4.45ന് നിർമാല്യദർശനം, രാവിലെ ഒൻപതിന് ഉത്സവബലി, 12-ന് അന്നദാനം, വൈകുന്നേരം 4.45ന് കാഴ്ചശ്രീബലി, 5.30-ന് തിരുവാതിര, വൈകീട്ട് ഏഴിന് മ്യൂസിക്ക് ഡാൻസ് കോമഡിഷോ, ഒൻപതിന് വിളക്കെഴുന്നള്ളിപ്പ്.
മുല്ലയ്ക്കലിൽ ഇന്ന്
വെളുപ്പിനെ 4.30ന് നിർമാല്യദർശനം, 5.30ന് അഭിഷേകം, 7.30ന് ഭജൻസ്, 8.30ന് ശ്രീബലി, 10.30ന് കുങ്കുമാഭിഷേകം,നവകാഭിഷേകം,കളഭാഭിഷേകം, 12.30ന് പ്രസാദഊട്ട്,5.30-ന് കാഴ്ചശ്രീബലി, വൈകീട്ട് ആറിന് താലപ്പൊലി,ഏഴിന് സംഗീതസംഗമം,8.30ന് ഭാവോത്സവം 2024, 9.30ന് എതിരേൽപ്പ്, 11ന് തീയാട്ട്.