kj

ആലപ്പുഴ: ആലപ്പുഴ എസ്.ഡി കോളേജ് ജലവിഭവ ഗവേഷണ കേന്ദ്രത്തിലെ കുളവാഴ സംബന്ധിച്ച പഠനങ്ങൾ കേരള സർവ്വകലാശാലയുടെ ബിരുദ സിലബസിൽ ഉൾപ്പെടുത്തി. നാലു വർഷ ബിരുദ കോഴ്‌സുകളുടെ ഭാഗമായി തയ്യാറാക്കിയ അക്വാറ്റിക്ക് ഇക്കോ സിസ്റ്റംസ് ആൻഡ് സസ്റ്റേയ്‌നബിൾ മാനേജ്‌മെന്റ് (ജലാശയ ആവാസവ്യവസ്ഥകളും സുസ്ഥിര പരിപാലനവും) എന്ന കോഴ്‌സിലാണ് പ്രൊഫസർ ഡോ.ജി.നാഗേന്ദ്ര പ്രഭുവിന്റെ മേൽനോട്ടത്തിൽ നടത്തിയ കണ്ടെത്തലുകൾ ബിരുദ വിദ്യാർത്ഥികളുടെ പഠന വിഷയമായി ഉൾപ്പെടുത്തിയത്. രണ്ടാം സെമസ്റ്റർ വിദ്യാർത്ഥികൾക്കാണ് വിഷയം പഠിക്കാൻ അവസരമുള്ളത്. കേരള സർവ്വകലാശാലയുടെ ജന്തുശാസ്ത്ര വിഭാഗം ബോർഡ് ഓഫ് സ്റ്റഡീസ് തയ്യാറാക്കി അംഗീകരിച്ച സിലബസിലെ നാലാം മോഡ്യൂളിലാണ് 'കുളവാഴയിൽ നിന്നുള്ള മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ' എന്നത് ഉൾപ്പെടുത്തിയത്.

എസ്. ഡി. കോളേജ് സുവോളജി വിഭാഗം മേധാവിയും ജലവിഭവ ഗവേഷണ കേന്ദ്രം മുഖ്യ ഗവേഷകനുമായ പ്രൊഫസർ ഡോ.ജി.നാഗേന്ദ്ര പ്രഭു യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ രണ്ട് വിദഗ്ദ സമിതികളിൽ അംഗമായും പ്രവർത്തിക്കുന്നുണ്ട്.

അദ്ധ്യാപികയായ ഡോ.പി.ബിന്ദു, ഐക്കോടെക് സ്റ്റാർട്ട് അപ്പ് സി.ഇ.ഒ വി.അനൂപ് കുമാർ, അംഗങ്ങളായ ഹരികൃഷ്ണ, എസ്.ആര്യ, ലക്ഷ്മി.കെ.ബാബു, നിവേദിത എന്നിവരാണ് ഡോ.പ്രഭുവിനോടൊപ്പം വർഷങ്ങളായി ഈ രംഗത്ത് ഗവേഷണം നടത്തിയതിന് നേതൃത്വം നൽകിയത്.