
അമ്പലപ്പുഴ : സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സഫലമായതിന്റെ സന്തോഷത്തിലാണ് ഈ ക്രിസ്മസ് കാലത്ത് തോട്ടപ്പള്ളി കൊട്ടാരവളവ് ഗേറ്റിങ്കൽ വീട്ടിൽ സെലീന. മൂന്ന് വർഷം മുമ്പ് ഭർത്താവ് അപകടത്തിൽ മരിച്ചതോടെ ജീവതം തന്നെ വഴിമുട്ടിപ്പോയിരുന്ന സെലീനയ്ക്ക് കൈത്താങ്ങുമായെത്തിയത് ഹരിപ്പാട് കരുതൽ ഉച്ചയൂണ് കൂട്ടായ്മയാണ്.
ഉപജീവനത്തിന് മാർഗമില്ലാതിരുന്ന സെലീനയുടെ ദുരിതജീവിതമറിഞ്ഞ കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി.കെ.ഡേവിഡ് മുൻകൈയെടുത്ത് ഉണ്ണിയപ്പം വില്പനയ്ക്ക് അവസരമൊരുക്കി നൽകി. ഇതിലൂടെ അടുപ്പെരിഞ്ഞു തുടങ്ങി. ഇതിനിടയിൽ മെഴുകുതിരി ചലഞ്ച് നടത്തി സമാഹരിച്ച തുക കൊണ്ട് സെലീനയ്ക്ക് കെട്ടുറപ്പുള്ള വീടിന്റെ നിർമാണത്തിനും തുടക്കമിട്ടു. കരുതലിന്റെ മെഴുകുതിരി വെളിച്ചത്തിന്റെ കാരുണ്യ കരസ്പർശത്തിൽ തീർത്ത വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ ദിവസം നടന്നു. ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് കൂദാശ നിർവഹിച്ചു. കരുതൽ ഉച്ചയൂണ് കൂട്ടായ്മ ചെയർമാൻ ഷാജി.കെ.ഡേവിഡ് അദ്ധ്യക്ഷനായി. സ്വാമി മഥുരനാഥ്, എം.എസ്.സൈഫുദീൻ മിസ്ബാഫി തുടങ്ങിയവർ അനുഗ്രഹ പ്രഭാഷണം നടത്തി. റഫാ. തോമസ് പാലവിള, ഫാ.ജിബിൻ കുര്യാക്കോസ് ,സിസ്റ്റർ ഫ്ളോറ, കെ.ടി.തോമസ്, വർഗീസ് കെ.തോമസ്, കെ.ടി.ചാക്കോ തുടങ്ങിയവർ പങ്കെടുത്തു. കരുതൽ ഉച്ചയൂണ് കൂട്ടായ്മ നിർമ്മിച്ചു നൽകുന്ന 75-ാമത് വീടാണ് ഇത്. മെഴുകുതിരി ചലഞ്ചിലൂടെ 5 വീടുകളാണ് കൂട്ടായ്മ നിർമിക്കുന്നത്.