photo

ചാരുംമൂട്: സംസ്ഥാനത്തെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹൃദ ഓഫീസായി മാവേലിക്കര ജോയിന്റ് ആർ.ടി.ഒ ഓഫീസ് തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വീണ്ടുമൊരു ഒരു ഭിന്നശേഷി സൗഹൃദ പ്രവർത്തനം കൂടി നടത്തി ഓഫീസ് മാതൃകയായി. ഈ മാസം മൂന്നിന് അന്താരാഷ്ട്ര ഭിന്നശേഷി ദിനത്തിൽ തൃശൂരിൽ നടന്ന ചടങ്ങിൽ മന്ത്രി ഡോ. ആർ.ബിന്ദുവാണ് മാവേലിക്കര ജോയിൻറ് ആർ.ടി.ഒ ഓഫീസിന് പുരസ്കാരത്തുകയായ 25,000 രൂപയും ഫലകവും സമ്മാനിച്ചത്. ഈ തുക ഭിന്നശേഷിക്കാരനായ നൂറനാട് ഇടക്കുന്നം തുണ്ടിൽ സേതുനാഥിന് (48) സമ്മാനിച്ചാണ് മാതൃകയായത്. പുരസ്കാര തുക ഭിന്നശേഷി സൗഹാർദ്ദ പ്രവർത്തനത്തിന് നീക്കിവയ്ക്കണമെന്ന് ഓഫീസിലെ ജീവനക്കാരുടെ കൂട്ടായ്മ തീരുമാനിച്ചിരുന്നു. വിവരം ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെ ജോയിന്റ് ആർ.ടി.ഒ മനോജ്‌കുമാർ അറിയിക്കുകയായിരുന്നു. അർഹനായ ഒരു ഭിന്നശേഷി വ്യക്തിയെ കണ്ടെത്തി ഈ തുക സമ്മാനിക്കുവാൻ മന്ത്രിയുടെ നിർദ്ദേശം ലഭിക്കുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിലാണ് ചാരുംമൂട് ജംഗ്ഷനിലും പരിസരത്തും ലോട്ടറി വ്യാപാരം നടത്തുന്ന ഭിന്നശേഷിക്കാരനായ സേതുനാഥിനെ കണ്ടെത്തിയത്. ജന്മനാ അരക്കുതാഴെ ശരീര ഭാഗങ്ങളില്ലാത്തയാളാണ് സേതുനാഥ്.ലോട്ടറി വ്യാപാരത്തിലൂടെ കിട്ടുന്ന തുച്ഛമായ തുകയിലാണ് മാതാവ് ഉൾപ്പെടെയുള്ളവരുടെജീവിതം തള്ളിനീക്കുന്നത്. സേതുവിന്റെ അവസ്ഥ അറിഞ്ഞപ്പോൾ മന്ത്രി തന്നെ നേരിട്ട് എത്തി അദ്ദേഹത്തിന് തുക കൈമാറാമെന്ന് അറിയിക്കുകയായിരുന്നു. ചാരുംമൂട് ജംഗ്ഷനിൽ നടന്ന ലളിതമായ ചടങ്ങിനെത്തിയ മന്ത്രി മാവേലിക്കര എം.എൽ.എ എം.എസ്. അരുൺകുമാറിന്റ് സാന്നിദ്ധ്യത്തിലാണ് തുക കൈമാറിയത്. ക്രിസ്മസ് സമ്മാനമായി സേതുവിന് കേക്ക് നൽകുവാനും മന്ത്രി മറന്നില്ല. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ആർ. രാജീവിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മന്ത്രിയെ സ്വീകരിച്ചു. മാവേലിക്കര ഓഫീസിലെ ജീവനക്കാരുടെ കൂട്ടായ ശ്രമഫലമാണ് ഓഫീസിന് ഈ അവാർഡിന് അർഹർ ആക്കിയത് എന്നും തുടർന്നും ജനകീയമായ ഇത്തരം പ്രവർത്തനങ്ങൾ ഓഫീസിന്റെ ഭാഗത്തുനിന്ന് തുടർന്നും ഉണ്ടാകണമെന്ന് മന്ത്രി നിർദ്ദേശിച്ചു.