s

മാന്നാർ : അപ്പർ കുട്ടനാടൻ മേഖലയിൽപ്പെട്ട ചെന്നിത്തലയിൽ മടവീഴ്ചയുണ്ടായ പാടശേഖരങ്ങളിലെ കർഷകരുടെ സഹായത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. കഴിഞ്ഞ ദിവസം കേന്ദ്രമ്രന്തി സുരേഷഷ് ഗോപി ഇവിടെ എത്തിയപ്പോൾ എന്തെങ്കിലുംസഹായ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് കർഷകർ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായിില്ല. ഇനി സംസ്ഥാന സർക്കാരിന്റെ സഹായത്തിനായി കാത്തിരിക്കുകയാണിവർ.

വിതവരെ പൂർത്തിയാക്കിയ ചെന്നിത്തലയിലെ പാടശേഖരങ്ങളിലുണ്ടായ മടവീഴ്ച കൃഷിയുടെ തുടക്കത്തിൽ തന്നെ ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകർക്ക് നൽകിയത്. മടവീഴ്ചമൂലം കടക്കെണിയിലായ കർഷകർക്ക് എന്തെങ്കിലും വാഗ്ദാനമുണ്ടോയെന്ന് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഇത് തന്റെ വകുപ്പല്ലെന്നും മന്ത്രി പ്രസാദിനോടും മുഖ്യമന്ത്രിയോടുമാണ് ചോദിക്കേണ്ടതെന്നും സുരേഷ് ഗോപി മറുപടി നൽകി.

നെൽകൃഷി സംരക്ഷണത്തിനായി കർഷകർ ഏക്കറിന് 490 രൂപ നിരക്കിൽ പ്രീമിയം അടച്ചിട്ടും കേന്ദ്ര സർക്കാരിന്റെ കാലാവസ്ഥാധിഷ്ഠിത ഇൻഷ്വറൻസ് തുകയായ 32000 രൂപ പോലും കർഷകർക്ക് ലഭിച്ചില്ലെന്ന് പരാതിപ്പെട്ടപ്പോൾ അതിനെക്കുറിച്ചറിയില്ലെന്നും അടുത്തയാഴ്ച ശിവഗിരിയിലെത്തുന്ന കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്രസിംഗ് ഷെഖാവത്തിന് നേരിട്ട് പരാതി നൽകുവാനും സുരേഷ് ഗോപി നിർദ്ദേശിച്ചു.

മട തടയാൻ ചിലവായത് ലക്ഷങ്ങൾ

 മടവീഴ്ച മൂലം ലക്ഷങ്ങൾ നഷ്ടപ്പെട്ട നെൽകർഷകർക്ക് അടിയന്തര സഹായം പ്രഖ്യാപിക്കണമെന്നാണ് പാടശേഖര സമിതികളുടെ ആവശ്യം

 മടവീഴ്ച ഉണ്ടായ സ്ഥലങ്ങളിൽ തെങ്ങും കുറ്റിയടിച്ച് ചെളികുത്തി മുട്ടിട്ട് സംരക്ഷണം ഒരുക്കുവാൻ ലക്ഷങ്ങളാണ് ചെലവ് വരുന്നത്

 വേനൽ മഴയിലും വെള്ളപ്പൊക്കത്തിലും മുമ്പ് കൃഷി നശിച്ചതിന്റെ ആനുകൂല്യങ്ങളോ ഇൻഷുറൻസ് തുകയോ പല കർഷകർക്കും ലഭിച്ചിട്ടില്ല.

അപ്പർ കുട്ടനാടൻ പാടശേഖരങ്ങളിലുണ്ടായ മടവീഴ്ച മൂലം പ്രതിസന്ധിയിലായ നെൽ കർഷകർക്ക് ആശ്വാസമേകാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തര സഹായ ധനം പ്രഖ്യാപിക്കണം

- അഡ്വ.കെ.വേണുഗോപാൽ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി