ആലപ്പുഴ: ചിറപ്പാവേശത്തിന്റെ കൊടുമുടിയിലാണ് നഗരം. പകലെന്നോ രാത്രിയെന്നോ വ്യത്യാസമില്ലാതെ നഗരവീഥികൾ നിറഞ്ഞൊഴുകുകയാണ് ജനസഞ്ചയം. മുല്ലയ്ക്കൽ മുതൽ കിടങ്ങാംപറമ്പ് വരെയുള്ള വീഥികളിലെ കച്ചവട സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കുന്നത് കുലുക്കി സർബത്ത് കടകളാണ്.

ഡി.ജെ പാട്ടുകളും, നൃത്തച്ചുവടുകളുമായി തയാറാക്കുന്ന വ്യത്യസ്ത ഫ്ലേവറുകളിലെ സർബത്തുകളാണ് താരം. ആരുടെയും ശ്രദ്ധ ആകർഷിക്കുന്ന കണ്ണടകൾ ധരിച്ചാണ് യുവാക്കൾ കുലുക്കി സർബത്ത് തയ്യാറാക്കുന്നത്. കുലുക്കിയിൽ തന്നെ പല കടകളിലും വിഭവങ്ങളിൽ വലിയ വ്യത്യാസമുണ്ട്. ഉപ്പിലിട്ട മാങ്ങയും ക്യാരറ്റും കൊണ്ടുള്ള കുലുക്കിക്കാണ് ഒരിടത്ത് ഡിമാൻഡെങ്കിൽ, അടുത്ത കടയിലെത്തുമ്പോൾ അത് ബൂസ്റ്റ് കുലുക്കിയിലേക്ക് മാറും. ആലപ്പുഴക്കാരായ ധാരാളം യുവ സംരംഭകരും ചിറപ്പ് കാലത്ത് ബിസിനസ് രംഗത്തേക്ക് ചുവടുവെച്ചിട്ടുണ്ട്. നഗരസഭ സംഘടിപ്പിച്ച സംരംഭക സെമിനാറുകളിടക്കം പങ്കെടുത്ത് നേടിയ അറിവിന്റെ പിൻബലത്തിലാണ് പലരും കച്ചവടത്തിലേക്ക് ഇറങ്ങിത്തിരിച്ചത്.

കിടങ്ങാംപറമ്പിൽ ഇന്ന്

രാവിലെ 4.30 പള്ളിയുണർത്തൽ, 9ന് ദേവീ സ്തുതിഗീതങ്ങൾ, 10ന് സംഗീതക്കച്ചേരി, 4.15 നടതുറക്കൽ, 5.15 തിരുവാതിര, 6.30ന് ദീപക്കാഴ്ച്ച, 7.15ന് കോമഡി ഫെസ്റ്റിവൽ

മുല്ലയ്ക്കലിൽ ഇന്ന്

രാവിലെ 4.30ന് നിർമ്മാല്യ ദർശനം, 8.30 ശ്രീബലി, 10ന് വീണക്കച്ചേരി, 10.30 മുതൽ കളഭാഭിഷേകം, തുടർന്ന് നൃത്തം, 3.15ന് ഓട്ടൻ തുള്ളൽ, വൈകിട്ട് 4.30 മുതൽ കാഴ്ചശ്രീബലി, 6ന് ദീപാരാധന, 7.30ന് ചെണ്ട - വയലിൻ ഫ്യൂഷൻ, 9.30ന് എതിരേൽപ്പ്, 11ന് തീയാട്ട്