
ഹരിപ്പാട് : ഈ വർഷത്തെ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഭിന്നശേഷിക്കാരായ അഞ്ച് കുഞ്ഞുങ്ങൾക്ക് സഹായം ഒരുക്കി ഗാന്ധിഭവൻ സ്നേഹവീട് കുടുംബാംഗങ്ങൾ. ജീവിതത്തിന്റെ വാർദ്ധക്യകാലത്ത് ഒറ്റപ്പെട്ട് സ്നേഹവീട്ടിൽ എത്തിയ വയോജനങ്ങൾ
തൊഴിൽ ചെയ്ത് ചെറിയ വരുമാനം നേടാറുണ്ട്. അങ്ങനെ കൂട്ടിവയ്ക്കുന്ന സമ്പാദ്യം മറ്റുള്ളവർക്ക് പങ്കുവയ്ക്കാനും ഇവർക്ക് മടിയില്ല. ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി 5 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സഹായം ചെയ്യുവാനാണ് വയോജനങ്ങളുടെ തീരുമാനം. സ്നേഹവീട് ഡയറക്ടറും ഗാന്ധിഭവൻ ഓർഗനൈസിംഗ് സെക്രട്ടറിയുമായ മുഹമ്മദ് ഷമീർ അന്തേവാസികൾ മുന്നോട്ടുവെക്കുന്ന എല്ലാ ആശയങ്ങളും ഏറ്റെടുത്തു നടപ്പിലാക്കും.
ഇതിനുമുമ്പ് ഗാന്ധിഭവൻ കുടുംബാംഗമായ ജാനകി അമ്മയ്ക്ക് മറ്റാരുടെയും സഹായമില്ലാതെ അന്തേവാസികൾ ചേർന്ന് സ്വർണ്ണ കമ്മൽ വാങ്ങി നൽകിയിരുന്നു. ആനാരി പുതുശ്ശേരി എൽ.പി സ്കൂളിലേക്ക് കെട്ടിടം നിർമ്മാണത്തിന്റെ കൈനീട്ടം പുതുവത്സര ദിനത്തിൽ ഇവർ സമ്മാനിച്ചിരുന്നു. നാലുപേർക്ക് ഇതിനോടകം വീൽച്ചെയറുകളും വാങ്ങിനൽകി. ജീവിതത്തിൽ എല്ലാം നഷ്ടപ്പെടലുകളെയും അതിജീവിച്ച് അഭയകേന്ദ്രത്തിൽ കഴിയുന്ന ഇവർക്ക് മറ്റുള്ളവരുടെ വേദനയും ദുഃഖവും മറ്റാരെക്കാളും അറിയാൻ കഴിയും.