ആലപ്പുഴ : നഗരഹൃദയത്തിലെ വൈ.എം.സി.എ - ചാത്തനാട് റോഡിൽ വഴിവിളക്കുകൾ ചിറപ്പു കാലത്തും മിഴി തുറക്കാതെ വഴിവിളക്കുകൾ. ബിസ്മി സൂപ്പർമാർക്കറ്റിന്റെ കിഴക്ക് ഭാഗം മുതൽ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസ് വരെയുള്ള ഭാഗം ഇരുട്ടിലായതോടെ ഇവിടങ്ങളിൽ സാമൂഹ്യവിരുദ്ധശല്യം വർദ്ധിച്ചു. ഇഴജന്തുക്കളുടെ ഭീഷണിയും കൂടിയതോടെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. ചിറപ്പ് ആരംഭിച്ചതോടെ പകലും രാത്രിയിലും ഇരുചക്ര വാഹനങ്ങൾ ഈ റോഡിലൂടെ തലങ്ങും വിലങ്ങും പായുകയാണ്. ഇരുട്ടിന്റെ മറവിൽ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായി. പലപ്പോഴും റോഡിൽ വഴിവിളക്ക് പ്രകാശിക്കില്ലെന്ന് കെ.എസ്.ഇ.ബി അധികൃതരെ അറിയിച്ചെങ്കിലും തകരാർ പരിഹരിക്കാൻ അധികൃതർ തയ്യാറാകാറില്ല. വിവരം അറിയിക്കുന്ന പ്രദേശവാസികളോട് മോശമായി പെരുമാറുന്നതായും ആക്ഷേപമുണ്ട്. വഴിവിളക്ക് തെളിക്കുന്നതിനും അണയ്ക്കുന്നതിനും ഓട്ടോമാറ്റിക് സംവിധാനത്തെ കെ.എസ്.ഇ.ബി ആശ്രയിച്ചത് വിനയായിരുന്നു.
'വഴിവിളക്ക് തെളിയാത്തത് മൂലം രാത്രിസമയത്ത് സ്ത്രീകൾക്കും കുട്ടികൾക്കും സഞ്ചരിക്കാൻ കഴിയാത്തവിധം സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ് ഇവിടെ. വഴിവിളക്കുകൾ കൃത്യമായി തെളിക്കാൻ അധികൃതർ നടപടി സ്വീകരിക്കണം. പൊലീസിന്റെ പട്രോളിംഗ് ഏർപ്പെടുത്തണം.
- അജയൻ, പ്രദേശവാസി