
ആലപ്പുഴ: മതസൗഹാർദ്ദ സന്ദേശവുമായി ക്രിസ്മസ് പാപ്പമാർ നഗരപ്രദക്ഷിണം നടത്തി. ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ക്രിസ്മസ് ദിനാഘോഷത്തിന്റെ ഭാഗമായാണ് പാപ്പമാർ നഗരം ചുറ്റിയത്. സ്‌കൂളിന് സമീപത്തെ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ നിന്ന് പര്യടനം ആരംഭിച്ച ക്രിസ്മസ് പാപ്പമാർ ഗവ. മുഹമ്മദൻസ് എൽ.പി സ്‌കൂൾ, ഗവ. ടി.ടി.ഐ, എസ്.എസ്.കെ, ഗവ. മുഹമ്മദൻസ് ഗേൾസ് എച്ച്.എസ്, ജില്ല പൊലിസ് മേധാവിയുടെ ഓഫീസ്, ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ. സർവന്റ് സൊസൈറ്റി തുടങ്ങിയവ സന്ദർശിച്ചു. സ്ഥാപന മേധാവികൾക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ കുട്ടികൾ തയ്യാറാക്കിയ ആശംസാകാർഡുകളും കൈമാറി. ഉച്ചക്ക് 12ന് കേക്ക് മുറിച്ച് മുൻസിപ്പൽ കൗൺസിലർ സിമി ഷാഫി ഖാൻ ക്രിസ്മസ് ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ എസ്.ശ്രീലതയുടെ നേതൃത്വത്തിൽ ആഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഉച്ചഭക്ഷണവും സ്‌കൂളിൽ വിളമ്പി.
പി.ടി.എ പ്രസിഡന്റ് റഷീദ്, കമ്മിറ്റി അംഗങ്ങൾ, പ്രഥമാദ്ധ്യാപിക ജാൻസി ബിയാട്രിസ്, സീനിയർ അസിസ്റ്റന്റ് ഹസീന, പ്രോഗ്രാം കോഓർഡിനേറ്റർ ജിജോ ജോസഫ്, അദ്ധ്യാപകർ, രക്ഷിതാക്കൾ, കുട്ടികൾ തുടങ്ങിയവർ പങ്കെടുത്തു.