mannarile-manikal

മാന്നാർ: വെങ്കലനാടിന്റെ പെരുമ നിറഞ്ഞ മാന്നാറിൽ നിർമ്മിച്ച വെങ്കലമണിയുടെ മുഴക്കം പുതു വർഷത്തിൽ നാഗാലാൻഡിൽ ഉയരും. 1200 കിലോ വീതം ഭാരവും നാലടി ഉയരവുമുള്ള രണ്ട് കൂറ്റൻ മണികളാണ് അടുത്ത ദിവസം മാന്നാറിൽ നിന്ന് നാഗാലാൻഡിലേക്ക് കൊണ്ടുപോകും. നാഗാലാൻഡ് അസംബ്ലി സ്പീക്കർ ഷെറിംഗെയ്ൻ ലോങ്‌കുമാറിന്റെ ഓർഡർ പ്രകാരം അദ്ദേഹത്തിന്റെ ചർച്ചിലും മുഖ്യമന്ത്രി നെയ്ഫിയു റിയോയുടെ ഗ്രാമത്തിലെ പള്ളിയിലുമാണ് മാന്നാറിൽ നിർമ്മിച്ച മണികൾ സ്ഥാപിക്കുക. പാരമ്പര്യരീതിയിൽ 12 തൊഴിലാളികൾ ആറ് മാസത്തോളം നടത്തിയ കഠിനാദ്ധ്വാനത്തിലാണ് ഈ വെങ്കലമണികൾ പൂർത്തിയായത്.

വലിയ കുരിശടയാളവും നാഗലാൻഡിലെ ഗോത്ര ഗ്രാമത്തിന്റെ നാമമായ ഉങ്മ എന്ന് ഇംഗ്ലീഷിലും മണിയിൽ ആലേഖനം ചെയ്തിട്ടുണ്ട്. ക്ഷേത്ര നിർമ്മാണം, വിഗ്രഹ നിർമ്മാണം, കരകൗശല വസ്തുക്കൾ, പള്ളിമണികൾ, ഉരുളികൾ, ഭീമൻ വാർപ്പുകൾ, അനുബന്ധ ഉത്പന്നങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ പ്രശസ്തരായ മാന്നാറിലെ പി.ആർ.എം ലക്ഷമണ അയ്യർ അസോസിയേറ്റ്സിലെ മൂന്നാം തലമുറയിലെ സഹോദരങ്ങളായ ലക്ഷ്മി നാരായണ ശർമ്മയും ആർ.വെങ്കിടാചലവുമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി റോഡ് മാർഗ്ഗമാണ് കൂറ്റൻ മണികൾ നാഗലാൻഡിലെത്തിക്കുക.