cherukol

ചെറുകോൽ : വ്രതശുദ്ധിയുടെ ധന്യതയിൽ ആത്മബോധോദയ സംഘത്തിന്റെ പ്രധാന കേന്ദ്രമായ ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ പന്ത്രണ്ടുവെള്ളിയാഴ്ച വ്രതസമാപനത്തോടനുബന്ധിച്ചുള്ള ചെറുകോൽ തീർത്ഥാടനത്തിന് ഇന്നലെ തുടക്കമായി. പ്രഭാതത്തിൽ ചെറുകോൽ പ്രാർത്ഥനായോഗത്തിൽ നിന്നും എത്തിച്ചേർന്ന പദയാത്രാസംഘത്തിന്റെ ഇരുമുടിക്കെട്ടുകൾ സ്വീകരിച്ച് ആശ്രമാധിപതി ദേവാനന്ദ ഗുരുദേവൻ തീർത്ഥാടകരായ ഭക്തജനങ്ങളെ അനുഗ്രഹിച്ചു. കേരളത്തിലും ഇതരസംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലുമുള്ള ഭക്തസഹസ്രങ്ങൾ ആശ്രമസന്നിധിയിൽ എത്തിച്ചേരും. ലോക സമാധാനത്തിനും സർവ്വദോഷശാന്തിക്കുമായി ഇരുമുടിക്കെട്ടുകൾ ശിരസ്സിലേന്തി ശ്രീശുഭാനന്ദ നാമസങ്കീർത്തനങ്ങൾ ആലപിച്ചുകൊണ്ട് സംഘമായാണ് തീർത്ഥാടകർ ആശ്രമത്തിൽ എത്തുക. എല്ലാ ദിവസവും രാവിലെ ഗുരുപൂജ, പ്രാർത്ഥന, ഗുരുദക്ഷിണ, രാവിലെയും വൈകിട്ടും ആശ്രമപ്രദക്ഷിണം, എഴുന്നള്ളത്ത്, എതിരേല്പ്, ഇരുമുടിക്കെട്ട് സമർപ്പണം, സമൂഹാരാധന, ദേവാനന്ദ ഗുരുദേവന്റെ അനുഗ്രഹ പ്രഭാഷണം, സമൂഹസദ്യ, പ്രസാദ വിതരണം എന്നീ ചടങ്ങുകൾ നടക്കും. ഏഴു ദിനങ്ങളിലായി നടത്തപ്പെടുന്ന തീർത്ഥാടനം ഞായറാഴ്ച സമാപിക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ അറിയിച്ചു.