
തുറവൂർ:കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡിലെ ചേരുങ്കൽ പ്രദേശത്തെ വെള്ളക്കെട്ടിൽ പൊറുതിമുട്ടി നാട്ടുകാർ. ഒഴിയാത്ത വെള്ളക്കെട്ടു മൂലം ജലജന്യരോഗ ഭീഷണിയുമുണ്ട്. കുട്ടനാട് പാക്കേജിന്റെ ഭാഗമായി കരിങ്കല്ല് ഉപയോഗിച്ചു നിർമ്മിച്ച പാടശേഖരങ്ങളിലെ പുറംബണ്ടുകൾ മത്സ്യമാഫിയ തകർത്തത് മൂലമാണ് ഓരു വെള്ളം പ്രദേശത്തെ പുരയിടങ്ങളിലും നടവഴികളിലും കെട്ടി നിൽക്കുന്നത്.
കുത്തിയതോട് പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ആഴ്ച വിളിച്ച യോഗത്തിൽ ഇതു സംബന്ധിച്ച് പ്രദേശവാസികൾ പരാതി നൽകിയതിനെ തുടർന്ന് ഒരാഴ്ചക്കുള്ളിൽ കൽച്ചിറയുടെ വിള്ളൽ പരിഹരിക്കാമെന്ന് കർഷക സംഘം ഉറപ്പു നൽകിയിരുന്നതാണെങ്കിലും ഇത് പാലിക്കപ്പെട്ടിട്ടില്ലെന്ന് ആക്ഷേപമുണ്ട്. കൽച്ചിറ തകർത്തവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവും ജലരേഖയായി. വെള്ളക്കെട്ട് ദുരിതം അടിയന്തിരമായി പരിഹരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്താൻ ജനകീയ പ്രതിരോധ സമിതി ചേരുങ്കൽ യൂണിറ്റ് യോഗം തീരുമാനിച്ചു. കെ. കെ.അനിൽകുമാർ അദ്ധ്യക്ഷനായി. ജനകീയ പ്രതിരോധ സമിതി സംസ്ഥാന കമ്മിറ്റി അംഗം ഫ്രാൻസിസ് കളത്തുങ്കൽ, കെ.പ്രതാപൻ, കെ.ഐ.കുഞ്ഞപ്പൻ തുടങ്ങിയവർ സംസാരിച്ചു.
65 വീടുകൾ വെള്ളത്തിൽ
 പ്രായമായവർക്കും കുട്ടികൾക്കും പുറത്തിറങ്ങാനാവാത്ത സ്ഥിതി
 വീടുകളിലെ അടുക്കളയിലേക്കും ഓരുവെള്ളം കയറി
 ഭക്ഷണം പാചകം ചെയ്യുന്നതും പ്രയാസകരമായതായി വീട്ടമ്മമാർ
 65 ഓളം വീടുകളാണ് വെള്ളക്കെട്ടിലമർന്നിരിക്കുന്നത്.
ജലജന്യരോഗങ്ങൾക്കെതിരെ ആരോഗ്യവകുപ്പ് അധികൃതർ മുൻകരുതൽ നടപടികൾ സ്വീകരിക്കണം
- ജനകീയ പ്രതിരോധ സമിതി