ആലപ്പുഴ: വീടിന് സമീപം വച്ചിരുന്ന ബൈക്ക് മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ കേസിൽ രണ്ടുപേരെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തത്തംപള്ളി തോട്ടുങ്കൽ വീട്ടിൽ കണ്ണൻ (40), കൊറ്റംകുളങ്ങര അൻസിൽ മൻസിലിൽ അസ്ലം (49) എന്നിവരാണ് പിടിയിലായത്. ആര്യാട് സ്വദേശിയായ ശ്രീകുമാറിന്റെ ഹീറോ ഹോണ്ട ബൈക്കാണ് ഒരാഴ്ചമുമ്പ് മോഷണം പോയത്.
കണ്ണൻ ബൈക്ക് മോഷ്ടിച്ച് അസ്ളമിന് കൈമാറുകയായിരുന്നു. മോഷണ ബൈക്ക് ആണെന്ന് അറിഞ്ഞിട്ടും അസ്ലം പൊലീസിനെ അറിയിക്കാതെ മറച്ചുവച്ചു. മോഷണബൈക്ക് വാങ്ങുകയും കുറച്ചുനാൾ ഉപയോഗിച്ചശേഷം പൊളിച്ചുവിൽക്കുകയും ചെയ്യുന്നത് അസ്ളമിന്റെ രീതിയാണെന്ന് നോർത്ത് സി.ഐ എം.കെ.രാജേഷ് അറിയിച്ചു. എസ്.ഐമാരായ ജേക്കബ്, ദേവിക, എസ്.സി.പി.ഒ വിനോദ്, സി.പി.ഒ പി.കെ.സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.