ആലപ്പുഴ: പതിനൊന്നു ദിനരാത്രങ്ങൾ തിരക്കിന്റെ കാഴ്ച ഒരുക്കിയ മുല്ലയ്ക്കൽ ചിറപ്പിനും കിടങ്ങാംപറമ്പ് ഉത്സവത്തിനും നാളെ സമാപനമാകുമെങ്കിലും നഗരം ആഘോഷത്തിൽ നിന്നൊഴിയില്ല. പുതുവത്സരാഘോഷം വരെ നീളുന്ന ബീച്ച് ഫെസ്റ്റിന് 28 ന് തുടക്കമാകും.

കഴിഞ്ഞ 16നാണ് മുല്ലയ്ക്കൽ ക്ഷേത്രത്തിൽ ചിറപ്പ് ആരംഭിച്ചത്. കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ മണ്ഡല ഉത്സവത്തിന് കൊടിയേറിയത് 19നും. സ്‌കൂളുകൾക്ക് അവധിയായതോടെ മുല്ലയ്ക്കൽ തെരുവിൽ കഴിഞ്ഞ ദിവസങ്ങളിൽ തിരക്കേറിയിരുന്നു. റോഡിന്റെ ഇരുവശങ്ങളിലും നിരന്ന താൽക്കാലിക കടകളാണ് ചിറപ്പിന് മാറ്റ് കൂട്ടിയത്. ജനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാനും ഗതാഗതക്കുരുക്ക് ഇല്ലാതാക്കാനും നഗരത്തിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചു. മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രത്തിൽ നാളെ ഭീമ ബ്രദേഴ്‌സിന്റെ വകയാണ് ചിറപ്പ്.

കിടങ്ങാംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിൽ ഇന്ന് പള്ളിവേട്ട മഹോത്സവും നാളെ ആറാട്ട് മഹോത്സവും നടക്കും. ക്ഷേത്രയോഗം പ്രസിഡന്റ് ഷാജി കളരിക്കൽ, വൈസ് പ്രസിഡന്റ ജി.മോഹൻദാസ്, ഉത്സവ ആഘോഷകമ്മിറ്റി ചെയർമാൻ ആർ.അനിൽ കുമാർ തൈക്കൂട്ടം, ജനറൽ കൺവീനർ എം.കെ.വിനോദ് ശ്രീപാർവതി എന്നിവരുടെ നേതൃത്വത്തിലാണ് ഉത്സവാഘോഷം.

കിടങ്ങാംപറമ്പിൽ

ഇന്ന്

നാരായണീയ പാരായണം രാവിലെ 9ന്, സ്പെഷ്യൽ നാദസ്വര കച്ചേരി 10ന്, അന്നദാനം ഉച്ചക്ക് 12ന്, കാഴ്ചശ്രീബലി, സ്പെഷ്യൽ പഞ്ചവാദ്യം വൈകിട്ട് 4.30ന്, തിരുവാതിര 5.15ന്, ഗാനമേള 7.15ന്, വിളക്കെഴുന്നള്ളത്ത് രാത്രി 9.15ന്, പള്ളിവേട്ട 10ന്.

നാളെ

നാരായണീയ പാരായണം രാവിലെ 9ന്, സ്പെഷ്യൽ നാദസ്വര കച്ചേരി 10ന്, ആറാട്ട് സദ്യ ഉച്ചക്ക് 12ന്, ആറാട്ട് മുറപ്പാട് വൈകിട്ട് 4ന്, ഓട്ടംതുള്ളൽ 4.30ന്, നാദതരംഗിണി 6ന്, നൃത്തോത്സവം-24 രാത്രി 7.30ന്, കൊടിയിറക്ക് 11.30ന് ,വലിയകാണിക്ക സമർപ്പണം.

മുല്ലയ്ക്കലിൽ

ഇന്ന്

പാരായണം രാവിലെ 7ന്, ശ്രീബലി 8.30ന്, കുങ്കുമാഭിഷേകം, കളഭം 10.30ന്, പ്രസാദ ഊട്ട് ഉച്ചക്ക് 12.30ന്, ക്ളാസിക്കൽ ഡാൻസ് ഒന്നിന്, കാഴ്ച ശ്രീബലി വൈകിട്ട് 4.30ന്, വയലിൻ കച്ചേരി 6.45ന്, നൃത്യതിനാട്യതി രാത്രി 8.30ന്, എതിരേൽപ്പ് രാത്രി 9.30ന്, തീയാട്ടം 11ന്.

നാളെ

നാരായണീയ പാരായണം രാവിലെ 7.30ന്, ശ്രീബലി 8.30ന്, കുങ്കുമാഭിഷേകം, കളഭം 10.30ന്, ഭക്തിസംഗീതസദസ് ഉച്ചക്ക് 12.30ന്,

ചാക്യാർകൂത്ത് 2.30ന്, ഗാനമേള വൈകിട്ട് 7.30ന്, എതിരേൽപ്പ് രാത്രി 10ന്, തീയാട്ടം 11ന്.