ആലപ്പുഴ : ഉണ്ണിയേശുവിന്റെ തിരുപ്പിറവി സ്മരണ പുതുക്കി നാടെങ്ങും ഇന്ന് ക്രിസ്മസ് ആഘോഷിക്കും. തിരുപ്പിറവിയോടനുബന്ധിച്ച് പള്ളികളിലെല്ലാം ഇന്ന് പുലർച്ചെവരെ പ്രാർത്ഥനകളും ആഘോഷചടങ്ങുകളും നടന്നു. ആലപ്പുഴ കോൺവെന്റ് സ്ക്വയറിലെ മൗണ്ട് കാർമൽ കത്തീ‌ഡ്രൽ ചർച്ചിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പിൽ മുഖ്യകാർമ്മികത്വം വഹിച്ചു. പഴവങ്ങാടി മാർ സ്ളീവാഫെറോന തീർത്ഥാടന പള്ളിയിൽ രാത്രി പതിനൊന്നരയോടെ ആരംഭിച്ച തിരുനാൾ കർമ്മങ്ങൾക്ക് വികാരി ഫാ. സിറിയക് കോട്ടയിൽ, സഹ വികാരിമാരായ ഫാ. ജൂലിയസ് തീമ്പലങ്ങാട്, ഫാ. മണിലാൽ എന്നിവർ നേതൃത്വം നൽകി. നഗരത്തിലെ മറ്റ് പ്രമുഖ ക്രൈസ്തവ ദേവാലയങ്ങളായ

മാർത്തോമ ചർച്ച്,വഴിച്ചേരി ഓർത്തഡോക്സ് ചർച്ച്, ആലപ്പുഴ സി.എസ്.ഐ പള്ളി, തത്തംപള്ളി സെന്റ് മൈക്കിൾസ് ദേവാലയം, പൂങ്കാവ് പള്ളി, തുമ്പോളി സെന്റ് തോമസ് ദേവാലയം, പൂന്തോപ്പ് പളളി എന്നിവിടങ്ങളിലെ തിരുപ്പിറവി തിരുനാൾചടങ്ങുകളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. പ്രാർത്ഥന, കുർബാന എന്നിവയ്ക്ക് ശേഷം പള്ളികളിൽ യേശുവിന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും നടന്നു. തുടർന്ന് ആരംഭിച്ച കരോളും ക്രിസ്മസ് ആഘോഷങ്ങളും നേരം പുലരും വരെ നീണ്ടു. ക്രിസ്മസ് ദിനത്തോടനുബന്ധിച്ച് ഇന്ന് രാവിലെ പള്ളികളിൽ പതിവുപോലുള്ള ക്രിസ്മസ് ദിന പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കും ശേഷം വീടുകളിൽ ആഘോഷങ്ങൾ നടക്കും.