ആലപ്പുഴ : മഴ മാറുകയും മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുകയും ചെയ്തതോടെ ജില്ലയിൽ ദേശീയപാത നിർമ്മാണ ജോലികൾക്ക് വേഗം കൂടി. മണ്ണ് ക്ഷാമത്തിൽ മാസങ്ങളായി നിർമ്മാണം നിലച്ചിരുന്ന റീച്ചുകളിൽ മണ്ണെത്തി തുടങ്ങിയതോടെ അടിപ്പാതകളുടെയും ഉയരപ്പാതകളുടെയും നിർമ്മാണ ജോലികൾ തകൃതിയായി. കായംകുളം മുതൽ അരൂർവരെയുള്ള ജില്ലയിലെ ദേശീയ പാതയിൽ ഓച്ചിറ- കൊറ്റുകുളങ്ങര, കൊറ്റുകുളങ്ങര-- പറവൂർ, പറവൂർ- തുറവൂർ റീച്ചുകളിൽ ലോഡ് കണക്കിന് മണ്ണെത്തി.

ആലപ്പുഴ ബൈപ്പാസ്,തുറവൂർ - അരൂർ എലിവേറ്റഡ് ഹൈവേ എന്നിവിടങ്ങളിലൊഴികെ ജില്ലയിലെ റീച്ചുകളിൽ മണ്ണ് ക്ഷാമമാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രധാനതടസമായിരുന്നത്. ദേശീയ പാത നിർമ്മാണത്തിനായി ജില്ലയിലെ മറ്റപ്പള്ളി മലയിൽ നിന്നടക്കം മണ്ണെടുക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും പ്രദേശവാസികളുടെ പ്രതിഷേധവും കോടതി ഇടപെടലും കാരണം നടന്നില്ല. തുടർന്ന് കോട്ടയം, പത്തനംതിട്ട ജില്ലകളിൽ നിന്ന് മണ്ണെത്തിച്ചാണ് ഇപ്പോൾ നിർമ്മാണം ആരംഭിച്ചത്. വേമ്പനാട്ട് കായൽ ഡ്രഡ്ജിംഗിന് ലഭിച്ച അനുമതിയിൽ മണ്ണെടുപ്പ് ആരംഭിച്ചിട്ടില്ല.

പുതുതായി നിർമ്മിക്കുന്ന ദേശീയപാതയ്ക്കായി സ്ഥലങ്ങൾ മണ്ണിട്ട് ഉയർ‌ത്തലും ബി.എം.ബി.സിയ്ക്ക് ശേഷം ടാറിംഗ് ജോലികളുമാണ് ആരംഭിച്ചിട്ടുള്ളത്. സർവീസ് റോഡ് നിർമ്മാണം പൂർത്തിയാകാത്ത സ്ഥലങ്ങളിൽ അതും തുടങ്ങിയിട്ടുണ്ട്.

കായൽ ഖനനത്തിനെതിരെ കർഷകർ

 കൊറ്റുകുളങ്ങര- പറവൂർ, പറവൂർ - തുറവൂർ റീച്ചുകളിലാണ് ഏറ്റവുമധികം മണ്ണ് ആവശ്യമായുള്ളത്

 പറവൂർ - തുറവൂർ റീച്ചിൽ മാത്രം 20 ലക്ഷം ക്യൂബിക് മീറ്റർ മണ്ണാണ് വേണ്ടത്

 ഇതിൽ ഒരു ലക്ഷം ക്യൂബിക് മീറ്റർ മണ്ണ് കഴിഞ്ഞ ഏതാനും ആഴ്ചകൾക്കകം എത്തിയിട്ടുണ്ട്

 ശേഷിക്കുന്ന 19 ലക്ഷം ക്യുബിക് മീറ്റർ മണ്ണിൽ 10ലക്ഷം ക്യൂബിക് മീറ്രർ മണ്ണ് വേമ്പനാട്ട് കായൽ ഖനനം ചെയ്ത് കണ്ടെത്താമെന്നാണ് പ്രതീക്ഷ

 എന്നാൽ നെൽകൃഷിയ്ക്കും കുട്ടനാട്ടിലെ പരിസ്ഥിതിക്കും ഇത് ദോഷമാണെന്ന നിലപാടുമായി നെൽകർഷകരും രംഗത്തുണ്ട്

പറവൂർ - തുറവൂർ റീച്ചിൽ വേണ്ട മണ്ണ്

20 ലക്ഷം ക്യൂബിക് മീറ്റർ