karol-sangham

മാന്നാർ : മാന്നാറിൽ ക്രിസ്മസ് കരോളുമായി കയറിയിറങ്ങുന്ന വിദ്യാർത്ഥികളുടെ സംഘത്തിൽ ബീഹാർ സ്വദേശികളായ സഹോദരങ്ങളും. കഴിഞ്ഞ 14 വർഷമായി മാന്നാറിൽ മേസ്തിരി പണി ചെയ്തുവരുന്ന ബീഹാർ സ്വദേശികളായ പിന്റു പണ്ഡിറ്റിന്റെയും സീതാദേവിയുടെയും ആറു മക്കളിൽ ഇളയവരായ ആദർശ് കുമാറും മനീഷ് കുമാറുമാണ് നാട്ടുകാരായ കുട്ടികൾക്കൊപ്പം കൂടിയത്.

ക്രിസ്മസ് പാപ്പയുടെ വേഷമിട്ട് മനീഷും സൈഡ്രമിന്റെ താളമിട്ട് ആദർശും സംഘത്തിനൊപ്പം ചേർന്നു. ആരോമൽ, അർജുൻ, ഹരി, മഹേഷ്‌ എന്നിവരാണ് ഇവർക്കൊപ്പമുള്ളത്.

മാന്നാർ തൃക്കുരട്ടി ക്ഷേത്രത്തിന് കിഴക്ക് വാടകക്ക് താമസിക്കുകയാണ് മനീഷിന്റെയും ആദർശിന്റെയും കുടുംബം. മാന്നാർ ഗവ. എൽ.പി സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥികളായ ഇരുവരും കേരളത്തിൽ എത്തിയിട്ട്

രണ്ടുവർഷമായി. ഈ കാലയളവിൽ ലഭിച്ച കൂട്ടുകാരോട് ക്രിസ്മസ് ആഘോഷിക്കണമെന്നും കരോളുമായി ഇറങ്ങണമെന്നുമുള്ള ആഗ്രഹം അറിയിച്ചപ്പോൾ അവർക്കും സന്തോഷമായി.

ഡിസംബർ 19 മുതൽ മാന്നാറിന്റെ വിവിധ ഭാഗങ്ങളിൽ കരോളുമായി ഇറങ്ങിയ ഈ സംഘത്തിന് ആദ്യദിനത്തിൽ തന്നെ വാദ്യോപകരണങ്ങൾ വാടകക്കെടുത്ത പണം സമാഹരിക്കാൻ കഴിഞ്ഞു.