prathi

ആലപ്പുഴ: അയൽവാസിയായ പെൺകുട്ടിയെ പ്രണയിച്ചതിന്റെ വിരോധത്തിൽ യുവാവിനെ ഇരുമ്പു കൂടത്തിന് തലയ്ക്കടിച്ചും വടിവാളിന് വെട്ടിയും കൊലപ്പെടുത്തിയ കേസിൽ ഏഴ് പ്രതികൾക്കും ജീവപര്യന്തം തടവും ഓരോ ലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ആലപ്പുഴ ആര്യാട് കല്ലുച്ചിറ വെളിയിൽ വീട്ടിൽ സനോജിനെ (29) 2014 ജൂലായ് 4ന് ഉച്ചയ്ക്ക് 2ന് ആര്യാട് റൂറൽ ആശുപത്രിക്ക് മുന്നിൽ വച്ച് കൊലപ്പെടുത്തിയ കേസിലാണിത്.

അയൽവാസിയായ കല്ലുച്ചിറ വീട്ടിൽ പ്രശാന്ത് (39), പിതാവ് പൊടിയൻ എന്ന പ്രസാദ് (68), തുമ്പോളി ബംഗ്ളാവ് പറമ്പിൽ കിരൺ ‌ഡോട്രിക്സ് (35), ആര്യാട് കുറുപ്പശേരിൽ അജിലാൽ (35), മാരാരിക്കുളം മണിമംഗലം വീട്ടിൽ ജോസ് ആന്റണി (31),ആര്യാട് പൊക്കാലയിൽ അപ്പു (31), തുമ്പോളി കൊടിവീട് പറമ്പിൽ ഫിനിസ്റ്റൺ നെറ്റോ (39) എന്നിവരെയാണ് ആലപ്പുഴ അഡിഷണൽ ജില്ലാ സെഷൻസ് ജഡ്ജി എസ്.ഭാരതി ശിക്ഷിച്ചത്. പിഴത്തുകയിൽ അഞ്ചുലക്ഷം രൂപ സനോജിന്റെ മാതാപിതാക്കൾക്ക് നൽകണം.

സുഹൃത്തിനൊപ്പം പെയിന്റിംഗ് ജോലിക്ക് പോയ സനോജ് ഉച്ചഭക്ഷണത്തിന് ശേഷം ജോലി സ്ഥലത്തേക്ക് തിരികെ പോകാൻ വീടിന് സമീപത്തെ റോഡിലേക്ക് നടന്നുവരുമ്പോഴാണ് കൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വിനോദ് പിള്ളയുടെ നേതൃത്വത്തിലാണ് കുറ്റപത്രം സമർ‌പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ളിക് പ്രോസിക്യൂട്ടർ എസ്.എ ശ്രീമോൻ, അഭിഭാഷകരായ നാരായണൻ.ജി, അശോക് നായർ , ദീപ്തി കേശവ് എന്നിവർ ഹാജരായി.