
മുഹമ്മ: മുഹമ്മ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയോത്സവമായി സംഘടിപ്പിക്കുന്ന പാതിരാമണൽ ഫെസ്റ്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. നാളെ തുടങ്ങി 30 ന് സമാപിക്കും.
കായിപ്പുറം ജംഗ്ഷൻ മുതൽ ജെട്ടി വരെ റോഡിന്റെ ഇരു വശങ്ങളും വൈദ്യുതാലങ്കാരങ്ങളാൽ കമനീയമായി. ഫെസ്റ്റിന്റെ പ്രചാരണാർഥം മുഹമ്മ എ.ബി വിലാസം സ്കൂളിലെ എൻ എസ് എസ് വോളണ്ടിയർമാർ കായിപ്പുറത്ത് ചൊവ്വാഴ്ച ഫ്ലാഷ് മോബ് ഒരുക്കി
നാളെ സാംസ്‌കാരിക ഘോഷയാത്രയോടെ ഫെസ്റ്റ് ആരംഭിക്കും. വൈകിട്ട് നാലിന് കൊച്ചനാകുളങ്ങര ക്ഷേത്രം, ആസാദ് എൽ .പി സ്കൂൾ, സംസ്കൃത ഹൈസ്കൂൾ എന്നിവിടങ്ങളിൽ നിന്ന് ഘോഷയാത്ര ആരംഭിച്ച് കായിപ്പുറം ബോട്ട് ജെട്ടിക്ക് സമീപം ഉദ്ഘാടനസ്ഥലത്ത് എത്തിച്ചേരും. തുടർന്ന് മന്ത്രി സജി ചെറിയാൻ ഫെസ്റ്റിന് തിരിതെളിക്കും. മന്ത്രി പി. പ്രസാദ് അധ്യക്ഷനാകും. മന്ത്രി പി. എ. മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തും. കെ. സി. വേണുഗോപാൽ എം പി മുഖ്യതിഥിയാകും. മുഹമ്മയിലെ പ്രതിഭകളെ മുൻ എം.പി എ. എം. ആരിഫ് അനുമോദിക്കും.