ആലപ്പുഴ : വൃദ്ധയെ തെരുവുനായ്ക്കൾ കടിച്ചുകീറി കൊന്നെന്ന വാർത്തകേട്ട് ഞെട്ടലിലാണ് ആറാട്ടുപുഴ. തീരദേശഗ്രാമമായ

ആറാട്ടുപുഴ പഞ്ചായത്തിലെ കള്ളിക്കാട്, അഴിക്കോടൻ നഗർ, രാമഞ്ചേരി, വാച്ചാൽ, പെരുമ്പള്ളി, കാർഗിൽ, വലിയഴീക്കൽ ഭാഗങ്ങളിൽ കഴിഞ്ഞ കുറച്ചുനാളുകളായി തെരുവുനായ് ശല്യം അതിരൂക്ഷമാണ്. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ പിഞ്ചുകുട്ടിയുൾപ്പെടെ നിരവധി പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. 75ലധികം പേരാണ് തെരുവ് നായ് അക്രമണത്തിന് ഇരയായതെന്ന് പ്രദേശവാസികൾ പറഞ്ഞു.

ഇന്നലെ ഉച്ചക്ക് 2.30നും 4നും ഇടയിലാണ് വലിയഴീക്കൽ അരയന്റെ ചിറയിൽ പ്രകാശന്റെ മാതാവ് കാർത്യായനിയെ (81) നായ്ക്കൾ കടിച്ചുകീറിയത്. മുഖമാകെ കീറിയ നിലയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തെരുവുനായ്ക്കളെ പിടികൂടുന്നതിനും കൊല്ലുന്നതിനും നിലവിലെ നിയമം അനുവദിക്കാത്തതിനാൽ നായ ശല്യത്തിനെതിരെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് പഞ്ചായത്ത്. അക്രമകാരികളായ നായ്ക്കളെ നിയന്ത്രിക്കുന്നതിന് മൃഗസംരക്ഷണ വകുപ്പും ഒന്നും ചെയ്യുന്നില്ല. വളർത്തു നായ്ക്കളെ തെരുവിൽ തള്ളുന്നത് ഒഴിവാക്കാൻ പ്രത്യേക ബോധവത്കരണത്തിന് രൂപം നൽകിയെങ്കിലും ഇതും ഫലപ്രദമായില്ല. തെരുവുനായകളുടെ നിയന്ത്രണത്തിനുള്ള എ.ബി.സി പദ്ധതി ഫലപ്രദവുമല്ല.

തെരുവു നായ്ക്കളുടെ കൂട്ടം പലപ്പോഴും ആറാട്ടുപുഴ-വലിയഴീക്കൽ റോഡിൽ തമ്പടിക്കുന്നതിനാൽ യാത്രക്കാർ ഭയന്നാണ് ഇത് വഴി പോകുന്നത്. നായ്ക്കളുടെ കൂട്ടത്തോടെയുള്ള അക്രമണത്തിൽ നിന്ന് പലപ്പോഴും രക്ഷപ്പെടാൻ കഴിയുകയില്ല

- സന്തോഷ്, യാത്രക്കാരൻ

നായ്ക്കളുടെ അക്രമണത്തിൽ വൃദ്ധ മരിച്ച സംഭവം അതീവ ദുഃഖകരമാണ്. നായ്ക്കളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷം 100ൽ അധികം നായ്ക്കളെ വന്ധ്യംകരണം നടത്തിയിരുന്നു. ഇത്തവണയും എ.ബി.സി പദ്ധതിക്കായി 3ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.

-എൻ.സജീവൻ, പ്രസിഡന്റ്, ആറാട്ടുപുഴ പഞ്ചായത്ത്