ആലപ്പുഴ: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കുള്ള ശ്രവണ സഹായി, വീൽചെയർ, ബെഡ് തുടങ്ങിയ സഹായ ഉപകരണങ്ങളുടെ വിതരണം മുടങ്ങി. സമഗ്രശിക്ഷാ കേരളം (എസ്.എസ്.കെ) പദ്ധതിയുടെ കേന്ദ്രവിഹിതം വൈകുന്നതാണ് പദ്ധതി അവതാളത്തിലാകാൻ കാരണം. രണ്ട് കോടിയോളം രൂപയാണ് ഈയിനത്തിൽ കിട്ടാനുള്ളത്. ഇതോടെ ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പദ്ധതി ആസൂത്രണവും താളം തെറ്റിയിരിക്കുകയാണ്.
വിവിധ പദ്ധതികളുടെ കേന്ദ്രവിഹിതം വൈകുന്നതിലൂടെ ഓരോ വർഷവും വിദ്യാർത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി സ്‌കൂളുകൾക്ക് നൽകേണ്ട ഗ്രാന്റ് ഉൾപ്പടെ നിലച്ചിരിക്കുകയാണെന്ന് അദ്ധ്യാപകർ പറയുന്നു.
കുട്ടികളെ മാനസികവികാസത്തിന് പ്രാപ്‌തമാക്കുന്ന 13 പ്രവർത്തന ഇടങ്ങൾ സജ്ജമാക്കുന്ന സ്റ്റാർസ് വർണക്കൂടാരം പദ്ധതിയിൽ ഈ അദ്ധ്യയനവർഷം 40 സ്‌കൂളുകൾക്ക് ഫണ്ട് അനുവദിച്ചെങ്കിലും ഒരുസ്‌കൂളിന് പോലും നൽകാനായിട്ടില്ല.
കഴിഞ്ഞ വർഷം 38 സ്‌കൂളുകൾക്ക് ഫണ്ട് പാസായെങ്കിലും എട്ട് എണ്ണത്തിന് മാത്രമാണ് മുഴുവൻ തുകയും നൽകാനായത്. ബാക്കി 30 സ്‌കൂളിനും അവസാന ഗഡുവായ 2,50,000 രൂപ ഇതുവരെ നൽകിയിട്ടില്ല. ഈയിനത്തിൽ മാത്രമായി 75,00,000 രൂപയാണ് ആകെ ലഭിക്കാനുള്ളത്.
കേന്ദ്രവിഹിതം വൈകുന്നത് തിരിച്ചടി
1.മുപ്പത് കുട്ടികൾ വരെയുള്ള സ്‌കൂളിന് 10,000, 100 കുട്ടികൾ വരെ 25,000, 250 കുട്ടികൾ വരെ 50,000, 1000 കുട്ടികൾ വരെ 75,000, 1,000ന് മുകളിൽ ഒരുലക്ഷം രൂപ എന്നിങ്ങനെയാണ് ഗ്രാന്റ് ലഭിക്കുന്നത്
2.പഠനപോഷണ പരിപാടികളായ ഹലോ ഇംഗ്ലീഷ്, ഉല്ലാസഗണിതം, പെൺകുട്ടികൾക്കുള്ള സ്വയംപ്രതിരോധ പരിശീലനം, ഓട്ടിസം സെന്ററുകളുടെ നവീകരണം തുടങ്ങിയവയും ഫണ്ടില്ലാതെ മുടങ്ങിക്കിടക്കുകയാണ്
3. ജില്ലയിലെ ബി.ആർ.സി ട്രെയിനർമാർ, സ്പെഷ്യൽ എജ്യുക്കേറ്റർമാർ തുടങ്ങി 450ഓളം എസ്.എസ്.കെ ജീവനക്കാരുടെ ശമ്പളവും വൈകുന്നതായി പരാതിയുണ്ട്
4.ഒരു ബ്ലോക്ക് റിസോർഴ്സ് സെന്ററിന് കീഴിലെ രണ്ടു വീതം സ്‌കൂളുകൾ പ്രധാനമന്ത്രി സ്കൂർ ഫോർ റൈസിങ്ങ് ഇന്ത്യ (പി.എം ശ്രീ) പദ്ധതിയിലാക്കണമെന്ന് കേന്ദ്രത്തിന്റെ നിർദേശമുണ്ട്
5. എന്നാൽ, പദ്ധതിയുമായി കേരളം സഹകരിക്കാത്തതാണ് എസ്.എസ്.കെ വിഹിതമടക്കം മുടങ്ങാൻ കാരണമെന്ന് ആക്ഷേപമുണ്ട്. 60:40 അനുപാതത്തിലാണ് എസ്.എസ്.കെ പദ്ധതിയിലെ കേന്ദ്ര - സംസ്ഥാന വിഹിതം
......................................................................
എസ്.എസ്.കെ ഗ്രാന്റ്
ജില്ലയിലെ സ്‌കൂളുകൾ : 331
എൽ.പി: 187
യു.പി: 78
ഹൈസ്‌കൂൾ:15
ഹയർ സെക്കൻഡറി : 51
..................................................................................
കഴിഞ്ഞ ഏപ്രിൽ മുതൽ സംസ്ഥാന സർക്കാർ വിഹിതം ഉപയോഗിച്ചുള്ള പ്രവർത്തനം മാത്രമാണ് നടക്കുന്നത്. ഇതോടെ ജീവനക്കാരുടെ ശമ്പളമടക്കം വൈകുന്ന സ്ഥിതിയുണ്ട്
- എസ്.എസ്.കെ ജീവനക്കാർ