ആലപ്പുഴ: ജനജീവിതത്തിന് ഭീഷണിയായി തെരുവു നായ്‌ക്കളുടെ എണ്ണം പെരുകുമ്പോഴും, അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിക്ക് കേന്ദ്രാനുമതി വൈകുന്നു. ജില്ലയിൽ കണിച്ചുകുളങ്ങരയിലും ആലപ്പുഴ നഗരത്തിലുമായി രണ്ട് എ.ബി.സി കേന്ദ്രങ്ങളാണ് പദ്ധതിക്കായി തയ്യാറായിട്ടുള്ളത്.

കണിച്ചുകുളങ്ങരയിലെ സെന്ററിൽ എല്ലാ സൗകര്യങ്ങളും സജ്ജമാണ്. ആലപ്പുഴയിലെ സെന്ററിൽ മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധന മാത്രമാണ് ബാക്കിയുള്ളത്.

കണിച്ചുകുളങ്ങര സെന്ററിന് വേണ്ടി മൂന്ന് തവണ ആനിമൽ വെൽഫെയർ ബോർഡ് ഒഫ് ഇന്ത്യക്ക് അപേക്ഷ സമർപ്പിച്ചിട്ടും അനുമതി ലഭിച്ചിട്ടില്ല. ഒരു മാസത്തിനകം അത് ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.

എ.ബി.സി പദ്ധതി ആരംഭിക്കുന്നതോടെ ഒരു സെന്ററിൽ പ്രതിദിനം പത്ത് നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കാം. ഒരേസമയം അമ്പത് നായ്ക്കളെ പാർപ്പിക്കാനുള്ള കൂടുകളും സജ്ജമാണ്.പരമാവധി അഞ്ച് ദിവസം ഇവയെ പാർപ്പിച്ച ശേഷം തുറന്നുവിടുകയാണ് ചെയ്യുന്നത്.

തെരുവുനായ ശല്യം രൂക്ഷം

1. തെരുവുനായ ശല്യത്തിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ജില്ലാ പഞ്ചായത്ത്പ്രസിഡന്റ്, ജില്ലാ കളക്ടർ, മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടർ,പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവരടങ്ങുന്ന നാലംഗ കമ്മിറ്റി മാസത്തിൽ രണ്ട് തവണ യോഗം ചേരാറുണ്ട്

2. കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണത്തിൽ വൃദ്ധ മരിച്ച സംഭവത്തിന്

പിന്നാലെയും യോഗം ചേർന്നു.തെരുവുനായ് ശല്യം പ്രതിരോധിക്കാൻ വന്ധ്യംകരണമല്ലാതെ മറ്റൊരു മാർഗ്ഗവുമില്ലെന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി വ്യക്തമാക്കിയത്

3.ഓരോ തവണ തെരുവുനായ്ക്കളുടെ അക്രമണമുണ്ടാകുമ്പോഴും, ഇവയെ മാറ്റിപ്പാർപ്പിക്കാനുള്ള ഷെൽട്ടർ യാഥാർത്ഥ്യമാക്കണമെന്ന ആവശ്യമുയരാറുണ്ട്. എന്നാൽ,​ ഷെൽട്ടർ സ്ഥാപിക്കാൻ ജനങ്ങൾ സമ്മതിക്കാറുമില്ല

4.അമ്പലപ്പുഴയിൽ അടുത്തിടെ ഷെൽട്ടറിന് അനുയോജ്യമായ ഭൂമി മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ജനകീയ പ്രതിരോധമുണ്ടായില്ലെങ്കിൽ തെരുവുനായ്ക്കളെ പാർപ്പിക്കാനുള്ള ഷെൽട്ടർ ഹോം താമസിയാതെ യാഥാർത്ഥ്യമാകും

എ.ബി.സി പദ്ധതിക്കുള്ള കേന്ദ്രാനുമതി ലഭിച്ചാലുടൻ കണിച്ചുകുളങ്ങര കേന്ദ്രത്തിൽ വന്ധ്യംകരണം ആരംഭിക്കാനാകും

-ഡോ.സന്തോഷ്, ഡി.ഡി, മൃഗസംരക്ഷണ വകുപ്പ്