photo

ആലപ്പുഴ: കാടുകയറിയ തോട്ടപ്പള്ളിയിലെ കുട്ടികളുടെ പാർക്കും ഹൗസ് ബോട്ട് ടെർമിനലും ജനുവരി ആദ്യവാരം വൃത്തിയാക്കും. ജില്ലാ ഭരണകൂടം, പഞ്ചായത്ത്, ഡി.ടി.പി.സി, കുടുംബശ്രീ എന്നി സംയുക്തമായിട്ടാവും ശുചീകരണം.

ആലപ്പുഴ മെഗാടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ബീച്ചിന്റെ തെക്കേക്കരയിൽ തോട്ടപ്പള്ളി -തൃക്കുന്നപ്പുഴ റോഡിന് സമീപം 1.4 കോടിരൂപ ചെലവഴിച്ച് ആറുവർഷം മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ കുട്ടികളുടെ പാർക്കാണ് കാടുപിടിച്ച് ഇഴ ജന്തുക്കളുടെ താവളമായി മാറിയത്. അവധി ദിവസങ്ങളിൽ ഇവിടെ എത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. വേനലവധിയായാൽ കുട്ടികളുമായി പാർക്കിലെത്തുന്നവരുടെ എണ്ണം ഇനിയും കൂടും. ദേശീയ ജലപാതയുടെ തീരത്താണ് ഹൗസ് ബോട്ട് ടെർമിനൽ സ്ഥിതിചെയ്യുന്നത്. ഇതും നോക്കുകുത്തിയായി മാറി.

ആദ്യം വൃത്തിയാക്കും തുടർന്ന് ഉദ്ഘാടനം

1.കെട്ടിട നമ്പർ ലഭിക്കാനായി ഡി.ടി.പി.സി അപേക്ഷ നൽകിയെങ്കിലും തീര പരിപാലന നിയമത്തിന്റെ പേരു പറഞ്ഞ് പഞ്ചായത്ത് സെക്രട്ടറി നിരസിക്കുകയായിരുന്നു. പിന്നീട് തീരപരിപാലന നിയമത്തിൽ കേന്ദ്രം ഇളവ് വരുത്തിയെങ്കിലും കെട്ടിട നമ്പർ പഞ്ചായത്ത് നൽകിയില്ല. ഇതുകാരണം വൈദ്യുതി കണക്ഷനും ലഭിച്ചില്ല.

2.ഡി.ടി.പി.സിയും പഞ്ചായത്തും തമ്മിലുള്ള ശീതസമരത്തെ തുടർന്ന് ഉദ്ഘാടനം വൈകിയ കുട്ടികളുടെ പാർക്ക് സാമൂഹ്യ വിരുദ്ധരുടെയും അക്രമിസംഘങ്ങളുടെയും താവളമാണ്. മൂന്ന് വർഷം മുമ്പ് രണ്ടുപേരുടെ ജീവൻ നഷ്ടമായ സംഭവം വരെ ഉണ്ടായിട്ടുണ്ട്

3.സംഘങ്ങൾ ആയുധങ്ങളുമായിട്ടാണ് പലപ്പോഴും പാർക്കിൽ എത്താറുള്ളത്. അതുകാരണം, ജീവനെ ഭയന്ന് ആരും എതിർക്കാറുമില്ല. മണൽകടത്തുകാരെ പിടികൂടാനെത്തിയ പൊലീസിന് നേരെ ബീയർ കുപ്പിയെറിഞ്ഞതും ഇവിടെവച്ചാണ്.

4. കാടുമൂടിയ പാർക്കിൽ കഞ്ചാവ് ചെടിയും വളർന്നുനിൽപ്പുണ്ട്. മയക്കുമരുന്ന് കച്ചവടക്കാരെ പിടികൂടാനെത്തിയ എക്സൈസ് നർക്കോട്ടിക് വിഭാഗം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്

ചെലവ്:

1.4 കോടിരൂപ


നിർമ്മാണ ചുമതല:

കിറ്റ്കോക്ക്

പാർക്ക്

നീള: 80 മീറ്റർ

വീതി: 35 മീറ്റർ

ജനുവരി ആദ്യവാരം കുട്ടികളുടെ പാർക്ക് ശുചീകരിച്ച് വൈകാതെ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മെഗാടൂറിസം പദ്ധതിയിൽ ഉൾപ്പെട്ട് നിർമ്മാണം മുടങ്ങികിടക്കുന്ന മുഴുവൻ പദ്ധതികളും പൂർത്തിയാക്കാൻ നടപടി സ്വീകരിച്ചു. തീരപരിപാലനത്തിന്റെ സാങ്കേതികത്വം മാറ്റികിട്ടുന്നതിനുള്ള നടപടിയും സ്വീകരിച്ചു

-അലക്സ് വർഗീസ്, ജില്ലാകളക്ടർ

പഞ്ചായത്ത് കെട്ടിട നമ്പർ അനുവദിച്ച് വൈദ്യുതിയും വെള്ളവും എത്തിച്ച് പാർക്ക് ഉദ്ഘാടനം ചെയ്ത് സംരക്ഷണ ചുമതല പഞ്ചായത്ത് ഏറ്റെടുത്താലേ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം തടയാൻ കഴിയൂ.

- സെക്രട്ടറി, പൗരസമിതി, തോട്ടപ്പള്ളി