ഹരിപ്പാട് : കഴിഞ്ഞ ദിവസം വൃദ്ധയെ തെരുവുനായ്ക്കൾ കടിച്ചുകൊന്ന ആറാട്ടുപുഴ പഞ്ചായത്തിൽ ഏതുനിമിഷവുമെത്താവുന്ന തെരുവു നായ്ക്കൂട്ടത്തെ ഭയന്ന് ജനം. തകഴി അഞ്ചാം വാർഡിൽ അരയന്റെ ചിറയിൽ പരേതനായ ശ്രീധരന്റെ ഭാര്യ കാർത്യായനി അമ്മയാണ് (81) ചൊവ്വാഴ്ച ആറാട്ടുപുഴയിൽ മകന്റെ വീട്ടിൽവച്ച് തെരുവ് നായയുടെ കടിയേറ്റു മരിച്ചത്.
രാത്രികാലങ്ങളിൽ ഇരുചക്ര വാഹനങ്ങളിൽ ഇടറോഡുകളിലേക്ക് കടന്നാൽ ഏതു സമയവും നായ്ക്കളുടെ ആക്രമണം ഉണ്ടായേക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. പ്രഭാതസവാരിക്കിറങ്ങുന്നവരും നായ്ക്കളെ ഭയന്നാണ് സഞ്ചരിക്കുന്നത്. ധാരാളം വിദ്യാർത്ഥികൾ പഠിക്കുന്ന മംഗലം ഹയർസെക്കന്ററി സ്കൂൾ, വലിയഴീക്കൽ ഹയർസെക്കന്ററി സ്കൂൾ എന്നിവയുടെ പരിസരങ്ങളിലടക്കം നായ്ക്കൾ യഥേഷ്ടം വിഹരിക്കുകയാണ്. ആറാട്ടുപുഴ പഞ്ചായത്തിന് പുറമേ തൃക്കുന്നപ്പുഴ, മുതുകുളം, കാർത്തികപ്പള്ളി, ചിങ്ങോലി, പള്ളിപ്പാട്, വീയപുരം, ചെറുതന, ചേപ്പാട് പഞ്ചായത്ത് പരിധികളിലും ഹരിപ്പാട് നഗരസഭ പരിധിയിലും തെരുവ് നായ് ശല്യം രൂക്ഷമാണ്. ഹരിപ്പാട് പൊലീസ് സ്റ്റേഷൻ, കോടതി വളപ്പ് എന്നിവിടങ്ങളിലും നായകളുടെ ശല്യത്തിന് ഒട്ടും കുറവില്ല.
തെരുവ് നായ് ശല്യം ഒഴിവാക്കാൻ അധികൃതരുടെ ഭാഗത്തു നിന്ന് ഉടൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. പ്രദേശത്ത് തെരുവ് വിളക്കുകൾ ഇല്ലാത്തതും കാരണം തീരദേശവാസികൾ ഭയപ്പാടോണെയാണ് രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നത്.
ബൈക്കിന് പിന്നാലെ കുരച്ചെത്തും
 പെരുമ്പള്ളി, രാമഞ്ചേരി, വട്ടച്ചാൽ, വലിയഴീക്കൽ, തറയിൽക്കടവ്, നല്ലാണിക്കൽ ഭാഗങ്ങളിലാണ് നായ് ശല്യം രൂക്ഷം
 റോഡരികിലും മറ്റും തമ്പടിക്കുന്ന നായ്ക്കൾ കൂട്ടത്തോടെ പിന്നാലെ എത്തി ഇരുചക്രവാഹന യാത്രക്കാരെ ആക്രമിക്കാറുണ്ട്
 വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ നായ്ക്കൾ ആക്രമിച്ച സംഭവങ്ങളും പ്രദേശത്തുണ്ടായിട്ടുണ്ട്
 ഇതുകാരണം കുട്ടികളെ മുറ്റത്തേക്കിറക്കാൻ പോലും വീട്ടുകാർ ഭയപ്പെടുകയാണ്
 സ്‌കൂളുകളിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും നായ്ക്കൾ ഭീഷണിയാണ്
ഹരിപ്പാട്ടും നായ്ക്കൾ
വൃദ്ധയുടെ ജീവനെടുത്തു
2020 മാർച്ചിൽ ഹരിപ്പാടും സമാനമായ രീതിയിൽ തെരുവ് നായ അക്രമണത്തിൽ വൃദ്ധയ്ക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. ഒറ്റയ്ക്ക് താമസിച്ചിരുന്ന ആരൂർ എൽ.പി സ്കൂൾ റിട്ട. ഹെഡ്മിസ്ട്രസ് ഹരിപ്പാട് പിലാപ്പുഴ വടേകാട്ട് വീട്ടിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ രാജമ്മയെയാണ് (87)രാത്രിയിൽ തെരുവ് നായ കടിച്ചുകൊന്നത്.