ആലപ്പുഴ: പതിനൊന്ന് ദിനരാത്രങ്ങൾ നഗരത്തെ ആഘോഷമാക്കിയ മുല്ലയ്ക്കൽ,​ കിടങ്ങാംപറമ്പ് ചിറപ്പ് ഉത്സവത്തിന് കൊടിയിറങ്ങി. സമാപന ദിവസമായ ഇന്നലെ മുല്ലയ്ക്കൽ തെരുവിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. റോഡിന്റെ ഇരുവശങ്ങളിലെയും താത്കാലിക കടകളിൽ വൻ തിരക്കായിരുന്നു. ജനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കാനും ഗതാഗതം ക്രമീകരിക്കാനുമായി നഗരത്തിൽ കൂടുതൽ പൊലീസിനെ നിയോഗിച്ചിരുന്നു. കിടങ്ങാംപറമ്പ് ക്ഷേത്രത്തിൽ മണ്ഡലമഹോത്സവം തോണ്ടൻകുളങ്ങര മഹാദേവക്ഷേത്രത്തിലെ നീരാട്ടിനും തോണ്ടൻകുളങ്ങര ക്ഷേത്രം, കൊച്ചുകളപ്പുര ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾക്കും ശേഷം താലം, ദീപക്കാഴ്ച, സ്പെഷ്യൽ പഞ്ചവാദ്യം എന്നിവയുടെ അകമ്പടിയോടെ ആറാട്ട് ക്ഷേത്രത്തിൽ എത്തിച്ചേർന്ന ശേഷമായിരുന്നു കൊടിയിറക്കം. തുടർന്ന് വലിയകാണിക്ക സമർപ്പണത്തോടെ ആഘോഷപരിപാടികൾക്ക് സമാപനമായി.

ബീച്ച് ഫെസ്റ്റിന് നാളെ തുടക്കം

ഡി.ടി.പി.സി, ജില്ലാ ഭരണകൂടം, ആലപ്പുഴ നഗരസഭ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ബീച്ച് ഫെസ്റ്റിവൽ, ന്യൂ ഇയർ ആഘോഷങ്ങൾക്ക് നാളെ തുടക്കമാകും. നാളെ വൈകിട്ട് 6ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം 31ന് വൈകിട്ട് 6ന് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. 28ന് രാത്രി 8ന് ഗായകൻ ബിജു നാരായണന്റെ ഗാനമേള, 29ന് വൈകിട്ട് 7ന് താമരശ്ശേരി ചുരം ബാൻഡ് മ്യൂസിക് ബാൻഡ് ഷോ, 30ന് വൈകിട്ട് 6ന് കുട്ടനാട് പൊലിമയുടെ നാടൻപാട്ടും ദൃശ്യാവിഷ്‌ക്കാരവും, രാത്രി 8ന് രാഗവല്ലി ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക് ഷോ, 31ന് 6.30ന് ഫ്യൂഷൻ ചെണ്ടമേളം, രാത്രി 9ന് മ്യൂസിക് നൈറ്റ് എന്നിവയാണ് പ്രധാന പരിപാടികൾ.

കളക്ടർ അലക്‌സ് വർഗ്ഗീസ് ചെയർമാനായും ആലപ്പുഴ നഗരസഭ അദ്ധ്യക്ഷ കെ.കെ. ജയമ്മ ജനറൽ കൺവീനറായുള്ള സംഘാടക സമിതിയാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.