
ബാങ്കിനെതിരെ കോൺഗ്രസ് രംഗത്ത്
ചേർത്തല: വായ്പ തിരിച്ചടയ്ക്കണമെന്ന് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും വീട്ടിലെത്തി ആവശ്യപ്പെട്ടതിന് പിന്നാലെ വീട്ടമ്മ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമായി. സി.പി.എം നിയന്ത്രണത്തിലുള്ള എസ്.എൽപുരം സർവീസ് സഹകരണ ബാങ്കിനെതിരെ കോൺഗ്രസ് രംഗത്തെത്തി. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 10ാം വാർഡ് കാരുവള്ളി സുധീറിന്റെ ഭാര്യ ആശയാണ് (45) 23ന് രാവിലെ 10.30ന് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
ബാങ്കിൽ നിന്ന് ആശയുടെ ഭർത്താവ് 2010ൽ വീട് നിർമ്മാണത്തിനായി ഒരു ലക്ഷം രൂപ വായ്പയെടുത്തു. തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് 2021ൽ പലിശയടക്കം രണ്ടരലക്ഷം രൂപയ്ക്ക് വായ്പ പുതുക്കിവച്ചെങ്കിലും പിന്നീടും തിരിച്ചടവ് മുടങ്ങി. നിലവിൽ 2,13,000 രൂപ തിരിച്ചടയ്ക്കാനുണ്ട്. 23ന് ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും കുടിശിക നിവാരണത്തിന്റെ ഭാഗമായി വീടുകളിൽ കയറുന്നതിനിടെ സുധീറിന്റെ വീട്ടീലും രാവിലെ 9.30ഓടെ എത്തി.
കെട്ടിട നിർമ്മാണ തൊഴിലാളിയായ സുധീർ ഈ സമയം വീട്ടിൽ ഇല്ലായിരുന്നു. വായ്പ തിരിച്ചടയ്ക്കണമെന്ന് ആശയോട് ആവശ്യപ്പെട്ടശേഷം ബാങ്ക് അധികൃതർ മടങ്ങി. തുടർന്നാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ സമയം ഭർതൃമാതാവ് മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു ആശ. മക്കൾ: ആദിത്യൻ, അനഘ.
ബാങ്കിനെ തകർക്കാൻ ഗൂഢാലോചന : പ്രസിഡന്റ്
ബാങ്കിനെ തകർക്കാനുള്ള കോൺഗ്രസ് ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്ന് ബാങ്ക് പ്രസിഡന്റ് സുജിത്ത്ദാസ് പറഞ്ഞു. കുടിശിക നിവാരണത്തിന്റെ ഭാഗമായി എല്ലാ കുടിശികക്കാരുടേയും വീടുകളിൽ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും ചേർന്ന് എത്തിയിരുന്നു. ഇതിന്റെ ഭാഗമായി സുധീറിന്റെ വീട്ടിലും എത്തി കാര്യങ്ങൾ പറഞ്ഞു. പുതുക്കിവെച്ച വായ്പയാണെന്നും കുടിശിക തീർത്ത് അടയ്ക്കണമെന്നും പിഴ പലിശ ഉൾപ്പെടെ ഒഴിവാക്കി തരാമെന്നും പറഞ്ഞു. യഥാർത്ഥ വസ്തുത ഇതായിരിക്കെ പ്രദേശത്തെ കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ നടത്തിയ നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും സുജിത്ത്ദാസ് പറഞ്ഞു.
കർശന നടപടി വേണം : കെ.സി.വേണുഗോപാൽ എംപി
സി.പി.എം നിയന്ത്രണത്തിലുള്ള എസ്.എൽ പുരം സർവീസ് സഹകരണ ബാങ്ക് അധികൃതരുടെ വായ്പ കുടിശികയുടെ പേരിലുള്ള ഭീഷണിയെ തുടർന്നാണ് എസ്.എൽ പുരം സ്വദേശിയായ വീട്ടമ്മ ആശ ആത്മഹത്യ ചെയ്തതെന്നും അതിന് ഉത്തരവാദികളായ ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും അടക്കമുള്ളവർക്കെതിരെ പൊലീസ് കർശന നടപടിയെടുക്കണമെന്നും കെ.സി.വേണുഗോപാൽ എം.പി ആവശ്യപ്പെട്ടു. പൊലീസതിന് തയ്യാറാകുന്നില്ലെങ്കിൽ ആ നിർദ്ധന കുടുംബത്തിന് നീതിവാങ്ങി കൊടുക്കാൻ ശക്തമായ പ്രക്ഷോഭം കോൺഗ്രസ് ആരംഭിക്കും. ആശയുടെ വേർപാടിൽ വേദനിക്കുന്ന കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും കെ.സി.വേണുഗോപാൽ വ്യക്തമാക്കി.