
പൂച്ചാക്കൽ : യുവാവിനെ അടിച്ചും വെട്ടിയും കൊലപ്പെടുത്തിയ ഭാര്യാ പിതാവും ഭാര്യാ സഹോദരനും അറസ്റ്റിലായി. അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് വടുതല ജെട്ടി ചക്കാല നികർത്തിൽ റിയാസിനെ (37) കൊലപ്പെടുത്തിയ കേസിലാണ് ഭാര്യാ പിതാവ് അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് അഴകശേരി നാസർ (62), മകൻ റെനീഷ് (35) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി ഒൻപതോടെ റിയാസിന്റെ കൂട്ടുകാരൻ അരൂക്കുറ്റി പഞ്ചായത്ത് നാലാം വാർഡിൽ ചിലമ്പശേരി നിപുവിന്റെ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. നാസറിന്റെ മകളായ റെനീഷയെ ഭർത്താവ് റിയാസ് നിരന്തരം മർദ്ദിക്കുന്നതിനെ നാസറും റെനീഷും ചോദ്യം ചെയ്തിരുന്നു. ഭാര്യയെയും മൂന്ന് മക്കളെയും റിയാസ് സംരക്ഷിക്കാത്തതിനെതിലും പ്രശ്നങ്ങളുണ്ടായിരുന്നു. ബുധനാഴ്ച റിയാസ് നിപുവിന്റെ വീട്ടിൽ ഉണ്ടെന്നറിഞ്ഞെത്തിയ നാസറും റെനീഷുമായി വാക്കു തർക്കമുണ്ടായി. നിപുവിന്റെ വീടിന്റെ പടിക്കൽ നിന്നിരുന്ന റിയാസിനെ മർദ്ദിക്കുകയും വലിച്ച് മുറ്റത്ത് കൊണ്ട് ചെന്ന് വെട്ടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദേഹമാസകലം ചോര കലർന്ന രീതിയിലായിരുന്നു മൃതദേഹം .പരിസരത്തും രക്തം തളം കെട്ടി നിന്നിരുന്നു.റിയാസ് വർഷങ്ങളോളം എറണാകുളം ഉൾപ്പടെ പല കേന്ദ്രങ്ങളിലും വാടകയ്ക്ക് താമസിച്ചിരുന്നു.ഏതാനും മാസങ്ങളായി അരൂക്കുറ്റിയിലാണ് താമസം. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.മക്കൾ:നിയ,സന,തൻഹ.
കരോൾ ഗാനാലാപനം
തടഞ്ഞ എസ്.ഐ
അവധിയിലേക്ക്
ചാവക്കാട് : മുൻകൂർ അനുമതി വാങ്ങിയില്ലെന്ന് പറഞ്ഞ് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രത്തിലെ കരോൾ ഗാനം ആലപിക്കുന്നത് ചാവക്കാട് പൊലീസ് തടഞ്ഞു. പള്ളിമുറ്റത്തെത്തി മൈക്ക് ഓഫ് ചെയ്യാൻ ആവശ്യപ്പെട്ട എസ്.ഐ വിജിത്ത് കെ.വിജയനെതിരെ നടപടിയാവശ്യപ്പെട്ട് സി.പി.എം,കോൺഗ്രസ് പാർട്ടികൾ രംഗത്തെത്തി. ഇതോടെ എസ്.ഐ അവധിയിൽ പ്രവേശിച്ചു.
ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി എല്ലാ വർഷവും രാത്രി ഒമ്പത് മുതൽ ഒരു മണിക്കൂർ നീളുന്ന കരോൾ ഗാനാലാപനം നടക്കാറുണ്ട്. ഈ പരിപാടിയാണ് പൊലീസ് അലങ്കോലപ്പെടുത്തിയത്. പള്ളി വളപ്പിൽ കരോൾ ഗാനം മൈക്കിൽ പാടരുതെന്ന് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആവശ്യപ്പെടുകയായിരുന്നുവെന്ന് പള്ളി ട്രസ്റ്റി അംഗങ്ങൾ പറഞ്ഞു.
പള്ളി അധികൃതർ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരുമായി ബന്ധപ്പെട്ട് അനുമതി വാങ്ങിയെങ്കിലും സമയം വൈകിയതിനാൽ പരിപാടി നടത്താനായില്ല. സംഭവമറിഞ്ഞ് കോൺഗ്രസ് നേതാവ് ടി.വി.ചന്ദ്രമോഹൻ, മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.റഷീദ് എന്നിവർ പള്ളിയിലെത്തി. പള്ളിക്കാരോട് മോശമായി പെരുമാറിയിട്ടില്ലെന്ന് തെളിയിക്കാൻ എസ്.ഐ ഓഡിയോ സന്ദേശങ്ങൾ മേൽ ഉദ്യോഗസ്ഥന്മാർക്ക് കൈമാറി.
കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ ഫോണിൽ വിളിച്ച് കമ്മിറ്റിക്കാർ വിവരം ധരിപ്പിച്ചു. എസ്.ഐക്ക് ഫോൺ കൊടുക്കാൻ പറഞ്ഞെങ്കിലും എസ്.ഐ സംസാരിക്കാൻ തയ്യാറായില്ല.
ശനിയാഴ്ച മുതൽ എസ്.ഐക്ക് ശബരിമല ഡ്യൂട്ടിയാണ്.