ആലപ്പുഴ : ലഹരിക്കടത്തുകാർക്കും വിൽപ്പനക്കാർക്കുമെതിരെ ജില്ലയിൽ കാപ്പ നടപടി വൈകുന്നു. മൂന്നിലധികം കേസുകളിൽ പ്രതികളായവരും ഇപ്പോഴും മയക്കുമരുന്ന് കടത്തിലും വിൽപ്പനയിലും സജീവമായി തുടരുന്നവരുമായ മൂന്നു ഡസനിലധികം പേർ ജില്ലയിലുണ്ടെങ്കിലും ഇവർക്കെതിരെ കാപ്പ ചുമത്തിയിട്ടില്ല. ഇവരിൽ ചിലർ താവളം ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയിട്ടുണ്ട്.

കഞ്ചാവ്, സിന്തറ്റിക് മയക്കുമരുന്നുകൾ എന്നിവ കടത്തിയതുമായി ബന്ധപ്പെട്ട് പൊലീസും എക്സൈസും തിരയുന്നവരാണ് ബംഗളുരു , ഗോവ, ചെന്നൈ എന്നിവിടങ്ങളിലിരുന്ന് ആലപ്പുഴയിലെ ലഹരിവ്യാപാരം നിയന്ത്രിക്കുന്നത്. അറസ്റ്റ് ഭയന്ന് ഇവർ ആലപ്പുഴയിൽ തങ്ങാറില്ലെങ്കിലും ഇടയ്ക്കിടെ വന്നുപോകുകയും ലഹരിക്കച്ചവടക്കാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യുന്നുണ്ട്.

ഫയൽ കൈകാര്യം ചെയ്യുന്നതിൽ അലംഭാവം

1.കാപ്പ ഫയലുകൾ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അലംഭാവമാണ് കുപ്രസിദ്ധ മയക്കുമരുന്നു കടത്തുകാരെയും കച്ചവടക്കാരെയും നിയമത്തിന്റെ പരിധിയിൽപ്പെടാതെ രക്ഷപ്പെടാൻ ഇടയാക്കുന്നത്

2.സ്ഥിരം കുറ്റവാളായിയ ഒരാൾക്കെതിരെ കാപ്പ നിയമപ്രകാരം പഴുതടച്ച നടപടിയെടുക്കുക നിസാരമല്ല. കേസ് ഫയലുകൾ പഠിക്കാനും തലയൂരിപ്പോകാനാകാത്തവിധം കാപ്പ നിയമം കൈകാര്യം ചെയ്യാനോ മേൽനോട്ടത്തിനോ ആരും തയ്യാറാകാത്തതാണ് പ്രശ്നം

3.എക്സൈസിന് കാപ്പ കൈകാര്യം ചെയ്യാനുള്ള അധികാരമില്ല. എന്നാൽ എക്സൈസിന്റെ കേസുകളിൽ കാപ്പ പ്രകാരം നടപടിക്ക് വിധേയരാകേണ്ടവരുണ്ട്. ഇത്തരക്കാരുടെ വിവരങ്ങൾ ശേഖരിക്കാനും ശ്രമമില്ല

4.ലോക്കൽ സ്റ്റേഷനുകളിൽ നിന്നും സ്ഥിരം നാർക്കോട്ടിക്ക് കേസുകളിലെ കുറ്റവാളികളുടെ വിവരങ്ങൾ ജില്ലാ പൊലീസ് ആസ്ഥാനത്തെ കാപ്പ സെക്ഷനിലേക്ക് കൈമാറാറില്ല

2024ൽ

 അബ്കാരി കേസുകൾ- 4334
 അറസ്റ്റിലായ പ്രതികൾ- 2268

 മയക്കുമരുന്ന് കേസുകൾ- 1026
 അറസ്റ്റിലായ പ്രതികൾ -985

 അബ്കാരി കേസുകളിൽ പിടികൂടിയ വാഹനം - 67

 മയക്കുമരുന്ന് കേസുകളിൽ പിടികൂടിയ വാഹനം -64