manmohan-singh

പ്രതിസന്ധികളിൽ മനോവീര്യം പകർന്ന മേലധികാരിയായിരുന്നു മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്. ശാന്തശീലൻ. ഇത് പ്രധാനമന്ത്രി തന്നെയാണ്, പഞ്ചായത്ത് പ്രസിഡന്റല്ലെന്ന് സ്വയം ഓർമ്മിക്കേണ്ടിയിരുന്ന തരത്തിൽ സൗമ്യൻ. 2005 മുതൽ 2007 വരെ അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കാനായത് മറക്കാനാവാത്ത അനുഭവമാണ്.

2004 ഡിസംബറിൽ സുനാമി ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ മൻമോഹൻ സിംഗ് തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ആദ്യമായി തമ്മിൽ കാണുന്നത്. പ്രതികൂല കാലാവസ്ഥ മൂലം ഫ്ലൈറ്റ് റദ്ദാക്കി അദ്ദേഹം രാത്രിയിൽ രാജ്ഭവനിൽ തങ്ങി. അന്ന് ഡി.ജി.പിയായിരുന്ന എനിക്ക് അദ്ദേഹത്തോടൊപ്പം ധാരാളം സമയം സമ്പർക്കം പുലർത്താനായി. ആ കൂടിക്കാഴ്ച രഹസ്യാന്വേഷണ വിഭാഗത്തിന്റെ മേധാവിയെന്ന സ്ഥാനത്തേക്കുള്ള യാത്രയ്ക്ക് പശ്ചാത്തലമായെന്ന് കരുതുന്നു.

ഒപ്പം ജോലി ചെയ്തിരുന്ന പലരും അദ്ദേഹത്തെ വേദനിപ്പിച്ചിട്ടുണ്ട്. വിഷമം വരുമ്പോൾ അദ്ദേഹം മിണ്ടാതിരിക്കും. രാജ്യസുരക്ഷ സംബന്ധിച്ച് വലിയ ദീർഘവീക്ഷണമുണ്ടായിരുന്നു. റോ മേധാവിയായിരുന്ന രണ്ടുവർഷം പ്രശ്നങ്ങളുടെ കാലഘട്ടമായിരുന്നു. അവ തരണം ചെയ്യാൻ അദ്ദേഹം വലിയ സഹായങ്ങൾ ചെയ്തു. ഒരിക്കൽ 'റോ"യുടെ സ്ഥാപക ദിനത്തിൽ അദ്ദേഹം ഞങ്ങൾക്കൊപ്പം ഒരു ദിവസം ചെലവഴിച്ചു. വർഷങ്ങൾക്കുമുമ്പ് ജോലിയിൽ നിന്ന് വിരമിച്ച ഇക്കോണമിസ്റ്റ് ജോഷിയെക്കുറിച്ച് അദ്ദേഹം ആ വേളയിൽ ചോദിച്ചത് എല്ലാവരെയും അമ്പരപ്പിച്ചു. പലരും മറന്നു തുടങ്ങിയ സഹപ്രവർത്തകനെ പ്രധാനമന്ത്രി അപ്പോഴും ഓർത്തിരിക്കുന്നുവെന്നത് അത്ഭുതമായിരുന്നു. അക്കാലത്ത് മാദ്ധ്യമങ്ങൾ മുണ്ട് മാഫിയ എന്ന് വിശേഷിപ്പിച്ച ഞങ്ങൾ മലയാളി ഉദ്യോഗസ്ഥരുടെ ഒരു കൂട്ടം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ഡൽഹിയിലെ വസതിയിലെത്തി അവസാനമായി അദ്ദേഹത്തെ നേരിൽക്കണ്ടു. 'നിങ്ങളുടെ ജോലിയിൽ ഞാൻ അതീവസന്തുഷ്ടനായിരുന്നു" എന്ന അദ്ദേഹത്തിന്റെ അവസാന വാക്കുകൾ എനിക്ക് വിലമതിക്കാനാവാത്തതാണ്.

(റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് മുൻ മേധാവിയും മുൻ ഡി.ജി.പിയുമാണ് ലേഖകൻ)