ആലപ്പുഴ: ഗതാഗത നിയമലംഘനങ്ങൾ തടയാനും അപകടങ്ങൾക്ക് അറുതി വരുത്താനും മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി നടത്തിവരുന്ന 'ജപം 2024' (ജോയിന്റ് ആക്ഷൻ ഒഫ് പൊലീസ് ആൻഡ് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ്) പത്തുദിവസം പിന്നിട്ടപ്പോൾ ജില്ലയിൽ കണ്ടെത്തിയത് 709 കുറ്റകൃത്യങ്ങൾ. സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ധരിക്കാതെയും മദ്യപിച്ചും അശ്രദ്ധമായും അലക്ഷ്യമായും വാഹനം ഓടിച്ചവരാണ് പിടിയിലായത്. ലൈസൻസില്ലാത്തവരും കുടുങ്ങി. 2,07,850 രൂപയുടെ പിഴയും ഈടാക്കി.

കളർകോടുണ്ടായ കൂട്ടദുരന്തം ഉൾപ്പടെ ജില്ലയിൽ വർദ്ധിച്ചുവരുന്ന

വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഗതാഗത കമ്മീഷണറുടെ നിർദേശാനുസരണം ദിവസേന മൂന്നുമണിക്കൂർ സംയുക്ത പരിശോധന ആരംഭിച്ചത്. ക്രിസ്മസ് ആഘോഷങ്ങൾ അവസാനിച്ചെങ്കിലും ന്യൂ ഇയർ പ്രമാണിച്ച് വരും ദിവസങ്ങളിലും പരിശോധന കടുപ്പിക്കാനാണ് തീരുമാനം. ജനുവരി അവസാനം വരെ പരിശോധന തുടരും.

പിഴ രണ്ട് ലക്ഷത്തിലധികം

1.ചങ്ങനാശേരി റോഡിലെ നെടുമുടിയിൽ ആരംഭിച്ച പരിശോധന, ജില്ലയിലെ എല്ലാ താലൂക്കുകളിലുമായി നാല് റൗണ്ട് പൂർത്തിയാക്കിയപ്പോൾ ഏഴ് ലക്ഷത്തോളം രൂപയാണ് പിഴയായി ഖജനാവിലെത്തിയത്

2.കളർകോട് അപകടശേഷം പൊലീസും മോട്ടോർ വാഹനവകുപ്പും പരിശോധന ശക്തമാക്കിയെങ്കിലും വാഹനാപകടങ്ങൾക്ക് കടിഞ്ഞാണിടാൻ കഴിഞ്ഞിരുന്നില്ല. ജില്ലയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പത്തോളം പേരാണ് മരിച്ചത്

3.ഏറ്റവുമധികം അപകടങ്ങളുണ്ടായത് ചേർത്തലയിലാണ്. മാന്നാറിൽ ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ ചെട്ടികുളങ്ങര സ്വദേശി കൊല്ലപ്പെട്ടതാണ് ജില്ലയിലെ ഏറ്റവും ഒടുവിലത്തെ സംഭവം

4. കളർകോട് ഉൾപ്പടെ ജില്ലയിലെ അപകടങ്ങളിൽ അധികവും അശ്രദ്ധമായ ഡ്രൈവിംഗും അമിത വേഗവും കാരണം സംഭവിച്ചതാണെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും വിലയിരുത്തൽ

...............................

മോട്ടോർ വാഹന വകുപ്പ്

കേസുകൾ: 522

പിഴ: 96,100 രൂപ

പൊലീസ്

കേസുകൾ: 187

പിഴ: 1,11,750 രൂപ

...............................

അപകടങ്ങൾ ഇല്ലാതാക്കുന്നതിലും നിയമ ലംഘനങ്ങൾക്ക് പിഴ ചുമത്തുന്നതിലും ഉപരി ഡ്രൈവർമാരെ ബോധവത്കരിക്കുകയാണ് പരിശോധനകളുടെ ലക്ഷ്യം.

വരും ദിവസങ്ങളിലും പരിശോധന തുടരും

-എ.കെ ദിലു.

ആർ.ടി.ഒ,​ ആലപ്പുഴ

...............................

മോട്ടോർ വാഹന വകുപ്പുമായുള്ള സംയുക്ത പരിശോധനയ്ക്ക് പുറമേ ന്യൂ ഇയർ ആഘോഷവുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും വരും ദിവസങ്ങളിൽ മുഴുവൻ സമയ പരിശോധനയ്ക്കും കോമ്പിംഗ് ഓപ്പറേഷനുകൾക്കും പൊലീസ് പദ്ധതിയിട്ടുണ്ട്

-എം.പി മോഹന ചന്ദ്രൻ നായർ,​

എസ്.പി, ആലപ്പുഴ