ആലപ്പുഴ: പതിനാറുകാരനുമായി നാടുവിടുകയും പലസ്ഥലങ്ങളിൽ താമസിപ്പിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയും ചെയ്ത 19കാരി അറസ്റ്റിൽ. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയെയാണ് വള്ളികുന്നം സി.ഐ. ടി.ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്ക്ക് താമസിക്കുന്ന 16കാരനെയാണ് കഴിഞ്ഞ ഒന്നാംതീയതി യുവതി വീട്ടിൽനിന്നു കൂട്ടികൊണ്ടു പോയത്. പല സ്ഥലങ്ങളിലായി താമസിപ്പിച്ച് പീഡിപ്പിച്ചെന്ന് 16കാരൻ പൊലീസിന് മൊഴി നൽകി. യുവതി നേരത്തേ മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ വീട്ടുകാർ യുവതിയെ ബന്ധു കൂടിയായ 16കാരന്റെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെയാണ് 16കാരനുമായി യുവതി വീടുവിട്ടു പോയത്.
ആൺകുട്ടിയുടെ മാതാവ് വള്ളികുന്നം പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഴിഞ്ഞദിവസം പത്തനംതിട്ട ബസ് സ്റ്റാൻഡിൽനിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു. മൈസൂർ, പാലക്കാട്, പഴനി, മലപ്പുറം തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇവർ താമസിച്ചതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ 19കാരിയെ റിമാൻഡ് ചെയ്തു.