hj

ആലപ്പുഴ: സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കുന്നതിനുള്ള മൊബൈൽ സെപ്‌റ്റേജ് ട്രീറ്റ്‌മെൻറ് പ്ലാൻറിന്റെ പ്രവർത്തനോദ്ഘാടനം പി.പി.ചിത്തരഞ്ജൻ എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ കെ.കെ.ജയമ്മ അദ്ധ്യക്ഷത വഹിച്ചു. ഹൗസ് ബോട്ടുകളിലെ സെപ്‌റ്റേജ് മാലിന്യം സക്ക് ചെയ്താണ് പ്രവർത്തനം ആരംഭിച്ചത്. ഹൗസ് ബോട്ടുകളിൽ നിന്ന് 1000 ലിറ്റർ വരെ 2000 രൂപ നിരക്കിലാണ് ട്രീറ്റ്‌മെന്റ് ചാർജ്ജായി ഈടാക്കുന്നത്. അപേക്ഷകളുടെ മുൻഗണന ക്രമത്തിലാണ് ശാസ്ത്രീയമായ സംസ്‌കരണം നടത്തുന്നത്. അടുത്ത ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട് മൊബൈൽ ആപ്പ് പ്രവർത്തന സജ്ജമാകുമെന്ന് നഗരസഭാദ്ധ്യക്ഷ പറഞ്ഞു. മണിക്കൂറിൽ 6000 ലിറ്റർ സംസ്‌കരണ ശേഷിയുള്ള മൊബൈൽ യൂണിറ്റാണ് പ്രവർത്തന സജ്ജമായത്. ഈ മാസം തന്നെ ഒരു ലക്ഷം ലിറ്റർ സംസ്‌കരണ ശേഷിയുള്ള ഒരു മൊബൈൽ യൂണിറ്റുകൂടി എത്തുമ്പോൾ കക്കൂസ് മാലിന്യ സംസ്‌കരണ വിഷയത്തിന് നഗരസഭയ്ക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും. ട്രീറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഖരമാലിന്യം സംസ്‌കരണ യൂണിറ്റിൽ കൊണ്ടുവന്നു വളമാക്കുകയാണ് ചെയ്യുന്നത്. ചടങ്ങിൽ ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ എ.എസ്.കവിത, പുന്നമട വാർഡ് കൗൺസിലർ ശ്രീലേഖ, എൻജിനീയർ ഷിബു നാൽപ്പാട്ട്, ഹെൽത്ത് ഓഫീസർ കെ.പി.വർഗ്ഗീസ്, പൊലൂഷൻ കൺട്രോൾ ബോർഡ് അസി.എൻജിനീയർ മിസ് മേരി, നോഡൽ ഓഫീസർ സി.ജയകുമാർ, അർബൻ ഇൻഫ്രാസ്ട്രക്ചർ വാട്ടർ എക്‌സ്പർട്ട് അജിന, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ഷാംകുമാർ, സാലിൻ ഉമ്മൻ, ഷജീന തുടങ്ങിയവർ പങ്കെടുത്തു. ബുക്കിംഗിന് ടോൾഫ്രീ നമ്പർ: 8943198777