ആലപ്പുഴ: പുതുവർഷം പ്രമാണിച്ച് ജില്ലയിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ സ്പെഷ്യൽ സ്ക്വാഡ് പരിശോധന ഇന്ന് മുതൽ ആരംഭിക്കും. കഴിഞ്ഞ ആഴ്ചകളിൽ ക്രിസ്മസ് സ്പെഷ്യൽ സ്ക്വാഡുകളാണ് പ്രവർത്തിച്ചിരുന്നത്. കേക്കുകൾ ഉത്പാദിപ്പിക്കുന്ന ബോർമ്മകൾ അടക്കമുള്ള സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കൂടുതൽ പരിശോധന. ഇന്നുമുതൽ ജില്ലയിൽ മൂന്ന് സ്ക്വാഡുകളാണ് വിവിധ പ്രദേശങ്ങളിൽ പരിശോധന നടത്തുക. രാത്രികാല പരിശോധനയുമുണ്ടാകും.
ഭക്ഷ്യസുരക്ഷാ ലൈസൻസ് ഇല്ലാതെ ഉത്പാദനവും വിതരണവും നടത്തിയാൽ ആറുമാസം തടവും അഞ്ച് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. ബേക്കറികൾ, ഹോട്ടലുകൾ, ഫാസ്റ്റ് ഫുഡ് കടകൾ, ജ്യൂസ് പാർലറുകൾ എന്നിവയിലാകും പ്രധാനമായും പരിശോധന നടത്തുക.
ലേബൽ ഇല്ലെങ്കിൽ പിഴ 3 ലക്ഷം
 കേക്കുകളിൽ കൂടുതൽ അളവിൽ പ്രിസർവേറ്റീവ് ചേർക്കുന്നത് ജയിൽശിക്ഷ കിട്ടാവുന്ന കുറ്റം
 കൃത്രിമ നിറങ്ങൾ ഭക്ഷ്യവസ്തുക്കളിൽ ചേർക്കാൻ പാടില്ല
 കൃത്യമായ ലേബൽ വിവരങ്ങൾ ഇല്ലെങ്കിൽ മൂന്ന് ലക്ഷം രൂപ വരെ പിഴ
 ഗുണനിലവാരം കുറഞ്ഞ ഭക്ഷ്യവസ്തുക്കൾ ഉത്പാദിപ്പിച്ച് വിൽപ്പന നടത്തിയാൽ അഞ്ച് ലക്ഷം രൂപ വരെ പിഴ
ന്യൂ ഇയർ സ്പെഷ്യൽ സ്ക്വാഡുകൾ - 3
ഉത്സവ സീസണായതിനാൽ വഴിവാണിഭക്കാരെ കേന്ദ്രീകരിച്ചും വ്യാപക പരിശോധന നടത്തുന്നുണ്ട്. സ്ഥിരം പരിശോധന നടക്കുന്നതിനാൽ കച്ചവടക്കാർ ജാഗ്രത പുലർത്തുന്നതായാണ് വിലയിരുത്തൽ. നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും അധികൃതരെ അറിയിക്കാം
- വൈ.ജെ.സുബിമോൾ, അസി.കമ്മീഷണർ, ഭക്ഷ്യസുരക്ഷാ വകുപ്പ്