
ചേർത്തല: സൗമ്യനായ പ്രധാനമന്ത്രിക്കൊപ്പമുള്ള പ്രവർത്തന നിമിഷങ്ങളാണ് മനസിൽ നിറഞ്ഞുനിൽക്കുന്നതെന്ന് പത്തു വർഷകാലം മൻ മോഹൻസിംഗിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ചേർത്തല സ്വദേശി ബാലാനുജൻ ദാമോദരൻ ഓർക്കുന്നു. അദ്ദേഹത്തിനൊപ്പമുള്ള ഓരോ നിമിഷവും പ്രചോദനമായിരുന്നു. തനിക്കുമാത്രമല്ല ഓഫീസിലുള്ള എല്ലാവർക്കും ഇതേ അനുഭവമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
മാന്യനായ ഭരണകർത്താവ്, സത്യസന്ധനും അർപ്പണമനോഭാവവും അതാണ് മൻമോഹൻസിംഗ് എന്ന പ്രധാനമന്ത്രി. എല്ലാ വിഷയങ്ങളിലുമുള്ള അദ്ദേഹത്തിന്റെ പാണ്ഡിത്യം ഓരോ ചലനങ്ങളിലും നിറഞ്ഞുനിൽക്കും അത് ഏവരെയും ആകർഷിക്കുന്നതായിരുന്നെന്നും ബാലാനുജൻ ഓർക്കുന്നു.
ചേർത്തല തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡ് വെള്ളിയാകുളം മുകുന്ദപുരം ദ്വാരകയിൽ വിശ്രമജീവിതം നയിക്കുന്ന ബാലാനുജൻ, ഔദ്യോഗിക ജീവിതം തുടങ്ങിയത് ഇന്ദിരാഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്റായിട്ടായിരുന്നു.
പിന്നീട് അഞ്ച് വർഷക്കാലം രാജീവ്ഗാന്ധിക്കൊപ്പവും പ്രവർത്തിച്ച ശേഷമാണ് മൻമോഹൻസിങ്ങിനൊപ്പമെത്തിയത്.
2016ൽ വിരമിച്ച ശേഷം അപൂർവമായി മാത്രമാണ് മൻമോഹൻസിംഗുമായി ബന്ധപ്പെടാനായത്. ഡൽഹിയിൽ വിശ്രമജീവിതത്തിലായിരുന്നതിനാൽ അദ്ദേഹത്തെ കാണാൻ കഴിഞ്ഞിരുന്നില്ല. വിരമിച്ച ശേഷമാണ് ബാലാനുജൻ ചേർത്തലയിൽ സ്ഥിരതാമസമാക്കിയത്. ഭാര്യ രമാദേവി ഒപ്പമുണ്ട്. എയർ ഇന്ത്യയിൽ പൈലറ്റായ മകൻ ആനന്ദ് കൊച്ചിയിലും കേന്ദ്ര ഗ്രാമവികസന വകുപ്പിലെ സെക്ഷൻ ഓഫീസറായ അജിത്ത് ഡൽഹിയിലുമാണ്. മരുമക്കൾ:ദിവ്യ,അമ്മു.