santhosh

മന്നാർ : ഇരുവൃക്കകളും തകരാറിലായ മാന്നാർ പഞ്ചായത്ത് 14-ാം വാർഡിൽ കിഴക്കേകാട്ടിൽ മോഹനന്റെയും തങ്കമണിയുടെയും മകൻ സന്തോഷിന്റെ (43) വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് പണംകണ്ടെത്താൻ നാളെ മാന്നാർ വില്ലേജിലെ 11 വാർഡുകൾ കേന്ദ്രീകരിച്ച് ഭവനസന്ദർശനം നടത്തും. ഒന്നര വർഷം മുമ്പ് കോട്ടയം മെഡിക്കൽ കോളേജിലെ പരിശോധനയിലാണ് മേസ്തിരി പണിക്കാരനായ സന്തോഷിന് വൃക്കരോഗം കണ്ടെത്തിയത്.

സ്വകാര്യ ആപത്രിയിലെ ക്ലീനിംഗ് തൊഴിലാളിയായ ഭാര്യ സൗമ്യക്ക് ഭർത്താവിന്റെ പരിചരണത്തിനായി ജോലി ഉപേക്ഷിക്കേണ്ടി വന്നു. ഇതോടെ ഭർത്താവിന്റെ ചികിത്സയും മക്കളായ പ്ലസ്‌ടു വിദ്യാർത്ഥി ആദ്യത്യന്റെയും 10-ാം ക്ലാസുകാരനായ അർജുന്റെയും പഠനവും പ്രതിസന്ധിയിലായി. സന്തോഷിന് ആഴ്‌ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യണം. രോഗം മൂർച്ഛിച്ചതോടെ വൃക്കകൾ മാറ്റിവയ്ക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചപ്പോൾ ഭാര്യ സൗമ്യ വൃക്ക ദാനംചെയ്യാൻ തയ്യാറായെങ്കിലും ശസ്ത്രക്രിയയ്ക്കായി വേണ്ടി വരുന്ന 20 ലക്ഷം രൂപ കണ്ടെത്താൻ ഈ കുടുംബത്തിന് മാർഗമില്ല.

തുടർന്നാണ് ചികിത്സാ സഹായ സമിതി രൂപീകരിച്ച് ധനസമാഹരണം നടത്താൻ തീരുമാനിച്ചത്. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി (ചെയർപേഴ്സൺ), മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ബി.കെ പ്രസാദ് (കൺവീനർ) മാന്നാർ ഗ്രാമ പഞ്ചായത്തംഗം സജു തോമസ് (ഖജാൻജി) എന്നിവരാണ് ചികിൽസാ സഹായ സമിതി ഭാരവാഹികൾ. ഫെഡറൽ ബാങ്കിന്റെ ചെന്നിത്തല ശാഖയിൽ ജോയിന്റ് അക്കൗണ്ടും എടുത്തിട്ടുണ്ട്. നമ്പർ : 17120100084539 IFSC Code: FDRL0001712 Gpay: 9605877822. നിർദ്ധന യുവാവിന്റെ ജീവൻ രക്ഷിക്കാൻ നടത്തുന്ന ധന സമാഹരണത്തിൽ കഴിയുന്നത്ര സഹായങ്ങൾ നൽകണമെന്ന് വാർത്താ സമ്മേളനത്തിൽ ടി.വി രത്നകുമാരി, ബി.കെ പ്രസാദ്, സജു തോമസ്, മാന്നാർ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ വി.ആർ ശിവപ്രസാദ് എന്നിവർ അറിയിച്ചു.