ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ വെള്ളിയാഴ്ച രാത്രിയിൽ യുവാവിനെ തട്ടിക്കൊണ്ട് പോകാൻ ശ്രമമെന്ന പ്രചരണത്തെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണം എത്തി നിൽക്കുന്നത് ലഹരി കച്ചവട സംഘത്തിൽ. കാറിലുണ്ടായിരുന്നവർ തമ്മിലുണ്ടായ വാക്കേറ്റത്തിനും കൈയാങ്കളിക്കുമൊടുവിൽ രാത്രി 9മണിയോടെയാണ് വാഹനം അപകടത്തിൽപ്പെട്ടത്. അഞ്ചംഗ സംഘം മറ്റൊരു വാഹനത്തിൽ രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് സൗത്ത് പൊലീസ് നടത്തിയ പരിശോധനയിൽ അപകടത്തിൽപ്പെട്ട കാറിൽ സംശയാസ്പദമായ തരത്തിൽ പ്രത്യേക അറകളും എം.ഡി.എം.എ പോലുള്ള മയക്കുമരുന്നുകൾ അളക്കാനുള്ള ഉപകരണവും കണ്ടെത്തുകയായിരുന്നു. എന്നാൽ, ഡോഗ്‌സ്‌ക്വാഡ് ഉൾപ്പെടെ പരിശോധന നടത്തിയിട്ടും കൂടുതലൊന്നും കണ്ടെത്താനായില്ല.
കരുനാഗപ്പള്ളി സ്വദേശിയായ യുവാവും കാറിലുണ്ടായിരുന്ന മറ്റ് അഞ്ചു പേരും തമ്മിലായിരുന്നു തർക്കം. ഇവർ വാഹനം വാടകയ്ക്ക് നൽകുന്നവരാണ്. ഇത് സംബന്ധിച്ച തർക്കം സംസാരിക്കുന്നതിനാണ് യുവാവിനെ കാറിൽ കയറ്റിയത്.
എന്നാൽ, തർക്കം പിന്നീട് സംഘർഷമായി. ഇതിനിടെ കാറിന്റെ സ്റ്റിയറിംഗ് യുവാവ് പിടിച്ചുതിരിച്ചതോടെ നിയന്ത്രണം തെറ്റി ബൈപ്പാസിൽ കളർകോട് ഭാഗത്ത് ഇടിച്ചുനിന്നു. ഇതോടെ യുവാവിനെയും കാറിനെയും ഉപേക്ഷിച്ച് അഞ്ചംഗസംഘം പിന്നാലെ വന്ന മറ്റൊരു വാഹനത്തിൽ കടന്നുകളഞ്ഞു. പൊലീസ് സ്ഥലത്തെത്തി യുവാവിനോട് കാര്യങ്ങൾ ചോദിച്ചെങ്കിലും പരാതിയില്ലെന്നായിരുന്നു ഇയാളുടെ നിലപാട്. അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയതിന് കാർ ഓടിച്ചയാൾക്കെതിരെ കേസെടുത്തു. കാർ കസ്റ്റഡിയിലാണ്.
യുവാവ് ഏഴിലേറെ കേസുകളിലെ പ്രതിയാണ്. കാറിലുണ്ടായിരുന്നവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണ്. എന്നാൽ, പരാതിയില്ലാത്തതിനാൽ മറ്റ് നടപടികൾക്ക് സാദ്ധ്യതയില്ലെന്ന നിലപാടിലാണ് പൊലീസ്. അതേസമയം, മയക്കുമരുന്ന് ഇടപാട് സംശയിക്കുന്നതിനാൽ യുവാവിന്റെ വീട്ടിൽ പരിശോധന നടത്താനുള്ള സാദ്ധ്യത അവർ തള്ളിക്കളയുന്നില്ല.