tyuu

ഹരിപ്പാട്: ആറാട്ടുപുഴ വില്ലേജ് ഓഫീസിൽ ജീവനക്കാരില്ലാത്തതിനെ തുടർന്ന് ഓഫീസിന്റെ പ്രവർത്തനം താളതെറ്റുന്നു. ഏഴ് ജീവനക്കാർ വേണ്ട ഓഫീസിലാണ് ഒരു വില്ലേജ് അസിസ്റ്റന്റും താത്കാലിക ജീവനക്കാരിയായ പി.ടി.സി.എം മാത്രമാണ് നിലവിൽ ഉള്ളത്. വില്ലേജ് ഓഫീസർ സ്ഥലം മാറി പോയിട്ട് മാസങ്ങളായി. വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാരായ 2 പേരിൽ ഒരാൾ അപകടത്തെ തുടർന്ന് നീണ്ട അവധിയിലും ഒരാൾ പ്രസവാവധിയിലും പ്രവേശിച്ചു. രണ്ട് എസ്. വി.ഒമാരുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ഉദ്യോഗസ്ഥരില്ലാത്തത് കാരണം ദുരിതമനുഭവിക്കുന്നത് ഓഫീസിനെ ആശ്രയിക്കുന്ന ജനങ്ങളാണ്. നിലവിൽ ഓഫീസിൽ ഒരാളുടെ സാന്നിധ്യം മാത്രമാണ് ഉള്ളത്. മത്സ്യത്തൊഴിലാളികളും കയർ തൊഴിലാളികളും തിങ്ങി പാർക്കുന്ന കായംകുളം കായലിന്റെ ഇരു കരകളിലുമായി വിസ്തൃതമായി കിടക്കുന്ന വില്ലേജാണ് ആറാട്ടുപുഴ. കടലിന്റെയും കായലിന്റെയും തീരത്തായി 18 വാർഡുകളിലായി 13 കി .മി നീളത്തിൽ കിടക്കുന്ന, ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള കാർത്തികപ്പള്ളി താലൂക്കിലെ ഒന്നാമത്തെ വില്ലേജാണ് ആറാട്ടുപുഴ. ദിനം പ്രതി നൂറ് കണക്കിന് ആളുകൾ ഓൺലൈൻ വഴിയും നേരിട്ടും വില്ലേജ് ഓഫീസിനെ സമീപിക്കുന്നത്. ആറാട്ടുപുഴ കിഴക്കേകരയിലെ 4 വാർഡുകളിലെ പിള്ളക്കടവ്, ചൂളത്തെരുവ്, കനകക്കുന്ന് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും നിരവധി ബസുകൾ കയറി ഓഫീസിൽ എത്തുന്നവർ കാര്യങ്ങൾ നടക്കാതെ തിരികെ പോകുന്നത് പതിവാകുകയാണ്. ഉദ്യോഗസ്ഥരുടെ കുറവ് മൂലം സമയബന്ധിതമായി സർട്ടിഫിക്കറ്റുകൾ നൽകാനോ വസ്തുവിന്റെ പോക്ക് വരവ്, മറ്റ് സേവനങ്ങൾ എന്നിവ നൽകാനോ കഴിയുന്നില്ല.

.......

''അടിയന്തരമായി ജീവനക്കാരെ നിയമിച്ച് ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരം കണ്ടെത്തണം

-സ്മിതരാജേഷ് ,സി.പി .എം ആറാട്ടുപുഴ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി

.......

# ഒാഫീസിൽ ആവശ്യമായ ജീവനക്കാർ

വില്ലേജ് ഓഫീസർ: 1

സെപെഷ്യൽ വില്ലേജ് ഓഫീസർ: 2

 വില്ലേജ് അസിസ്റ്റന്റ് : 1

 വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്: 2

 പി.ടി.സി.എം: 1