
ആലപ്പുഴ: കുട്ടനാട്ടിൽ നിന്ന് ആലപ്പുഴ നഗരത്തിലെത്താനുള്ള എളുപ്പമാർഗമായ ചുങ്കം - പള്ളാത്തുരുത്തി തോട്ടിൽ വീണ്ടും പോള നിറഞ്ഞതോടെ ഗതാഗതം നിലച്ചു.
വള്ളം തുഴഞ്ഞ് പോകാനാകാത്ത സ്ഥിതിയാണ്. ഹാർവെസ്റ്റർ ഉപയോഗിച്ച് കഴിഞ്ഞ വർഷം പോള നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പല ദിവസങ്ങളിലും യന്ത്രം പണി മുടക്കിലായിരുന്നു. കൂടാതെ യന്ത്രം പ്രവർത്തിപ്പിച്ച വകയിൽ ഭാരിച്ചചെലവും നഗരസഭ നേരിടേണ്ടി വന്നു. പരമ്പരാഗത രീതിയിൽ തൊഴിലാളികളെ ഉപയോഗിച്ച് പോള വാരി മാറ്റുന്നതാണ് കൂടുതൽ ഫലപ്രദമെന്ന അഭിപ്രായം ഇതോടെ ഉയർന്നുവന്നു. ഒരു മാസമെടുത്താലും പ്രവൃത്തി പൂർത്തിയാകാൻ യന്ത്രത്തിന് സാധിക്കില്ലെന്നാണ് വിലയിരുത്തൽ. യന്ത്രം പ്രവർത്തിക്കാൻ പ്രതിദിനം 35 ലിറ്റർ ഡീസലാണ് വേണ്ടത്. പ്രതീക്ഷിച്ച വേഗത്തിൽ പ്രവൃത്തി മുന്നോട്ട് നീങ്ങിയില്ലെങ്കിൽ നഗരസഭയ്ക്ക് പണം നഷ്ടമാകും.
പണിമുടക്കി യന്ത്രം വേണ്ട
കുട്ടനാട്ടിൽ കൃഷി ആവശ്യത്തിനുള്ള വിത്ത്, വളം, കീടനാശിനി, പണിയായുധങ്ങൾ എന്നിവയും ചെറുകച്ചവടക്കാരും മത്സ്യവ്യാപാരികളും സാധനങ്ങൾ എന്നിവ എത്തിച്ചിരുന്നത് ഈ തോട് വഴിയാണ്
ദിവസേന വളർന്ന് വ്യാപിച്ചുകൊണ്ടിരിക്കുന്ന പോളകാരണം ചെറുവള്ളങ്ങളുടെയും എൻജിൻ ഘടിപ്പിച്ച വള്ളങ്ങളുടെയും സഞ്ചാരം പ്രസിസന്ധിയിലാണ്
കുട്ടനാട്ടിലെ കർഷകരും കർഷകത്തൊഴിലാളികളും സാധാരണക്കാരുമാണ് ജല യാത്രയെ പ്രധാനമായി ആശ്രയിക്കുന്നത്
മണിക്കൂറുകളെടുത്ത് പോള നീക്കം ചെയ്താണ് പലരും ഇപ്പോൾ വള്ളത്തിൽ അക്കരെ സാധനങ്ങൾ എത്തിക്കുന്നത്
പോള നീക്കാൻ യന്ത്രമിറക്കി വീണ്ടും ജനങ്ങളെ പരിഹസിക്കരുത്. എത്രയും വേഗം കനാലിൽ ഗതാഗതം സാദ്ധ്യമാക്കാനുള്ള സംവിധാനം നഗരസഭ ചെയ്യണം
- ശശിധരൻ, കൈനകരി