
മുഹമ്മ: പാതിരാമണലിന്റെ മനോഹാരിത കാണാൻ ഹരിയാനാ സംഘമെത്തി. കേരളത്തിന്റെ ഗ്രാമക്കാഴ്ചകൾ കാണാനെത്തിയ 100 അംഗ സംഘം പാതിരാമണലിനെക്കുറിച്ച് കേട്ടറിഞ്ഞാണ് ദ്വീപിലെത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു, വൈസ് പ്രസിഡന്റ് എൻ.ടി.റെജി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി. വിശ്വനാഥൻ, പഞ്ചായത്തംഗങ്ങളായ വി.വിഷ്ണു, ടി.സി.മഹീധരൻ, ഷെജിമോൾ സജീവ് ,സംഘാടക സമിതി വൈസ് ചെയർമാൻ സന്തോഷ് ഷൺമുഖൻ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. ഹരിയാനയിലെ വിവിധ സ്കൂളുകളിലെ കുട്ടികളും അദ്ധ്യാപകരുമടങ്ങുന്ന സംഘമാണ് എത്തിയത്. എല്ലാ വർഷവും ഇന്ത്യയുടെ ഗ്രാമ ചാരുത കാണാൻ സംഘം എത്താറുണ്ട്. ഇത്തവണ തിരഞ്ഞെടുത്തത് കേരളമാണ്. അപ്പോഴാണ് പാതിരാമണൽ ഫെസ്റ്റ് നടക്കുന്ന വിവരം അറിഞ്ഞത്. സംഘത്തിന് സുഗമമായി ദ്വീപിലെത്താനും കാഴ്ചകൾ കാണാനും പഞ്ചായത്ത് അധികൃതർ സൗകര്യമൊരുക്കി. നാലു മണിക്കൂറോളം സംഘം ദ്വീപിൽ തങ്ങി. ഹരിയാനയിലെ നാടൻ കലാരൂപങ്ങളുടെ അവതരണവും നടത്തി. പഞ്ചകുലയിലെ ഹരിയാന സ്കൂൾ ശിക്ഷാ പരിയോജന പരിഷത്തിന്റെ അസോസിയേറ്റ് കൺസൾട്ടന്റ് ഡോ.രാംകുമാറിന്റെയും പ്രകാശ് ശ്രീവാസ്തവയുടെയും നേതൃത്വത്തിലാണ് സംഘം എത്തിയത്. ന്യൂഡൽഹി ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് ഇൻസ്ട്രക്ടർ അമൻ സിംഗ് , ശരവൺ സിംഗ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.