ആലപ്പുഴ: ജില്ലാ കേരളോത്സവം ആഘോഷങ്ങളില്ലാതെ അമ്പലപ്പുഴയിലെ വിവിധ വേദികളിൽ ആരംഭിച്ചു. എം.ടി.വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്ന് സംസ്ഥാന സർക്കാർ രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചത് കാരണം 27, 28 തീയതികളിലേക്ക് കേരളോത്സവ മത്സരങ്ങൾ നേരത്തെ പുനക്രമീകരിച്ചിരുന്നു. എന്നാൽ മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ നിര്യാണത്തെ തുടർന്ന് ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചതിനാൽ ആഘോഷങ്ങളില്ലാതെ മത്സരങ്ങൾ ആരംഭിക്കുകയായിരുന്നു.
ഫുട്‌ബാൾ മത്സരങ്ങൾ വണ്ടാനം ടി.ഡി.എം.സി ഗ്രൗണ്ടിലും ക്രിക്കറ്റ് മത്സരങ്ങൾ അറവുകാട് കാർമ്മൽ എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ടിലും നടന്നു. കബഡിയും വടംവലിയും ഗവ. അംബേദ്കർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലും ചെസ് മത്സരം പറവൂർ പബ്ലിക് ലൈബ്രറിയിലും നീന്തൽ, പഞ്ചഗുസ്തി മത്സരങ്ങൾ ആലപ്പുഴ രാജ കേശവദാസിലും, ഷട്ടിൽ ബാഡ്മിന്റൺ അമ്പലപ്പുഴ വിജയലക്ഷ്മി ഇൻഡോർ സ്റ്റേഡിയത്തിലും ആരംഭിച്ചു. ആർച്ചറി മത്സരം നൂറനാട് സി.ബി.എം.എച്ച്.എസ്.എസിൽ നടന്നു. കലാമത്സരങ്ങൾ അമ്പലപ്പുഴ മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിലാണ് നടക്കുന്നത്. ആലപ്പുഴ ജില്ലാ പഞ്ചായത്തും സംസ്ഥാനയുവജന ക്ഷേമ ബോർഡും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സമാപന ദിവസമായ ഇന്ന് അത്‌ലറ്റിക് മത്സരങ്ങൾ, വോളിബാൾ, കളരിപ്പയറ്റ്, ബാസ്‌കറ്റ്ബാൾ, കലാമത്സരങ്ങൾ എന്നിവ നടക്കും.