ആലപ്പുഴ: എൽ.ഇ.ഡി ബൾബുകൾ റിപ്പയർ ചെയ്ത് പുനരുപയോഗിക്കുന്ന പദ്ധതിയുമായി ഹരിതകർമ്മ സേന. ഇതിന്റെഭാഗമായി മാരാരിക്കുളം തെക്ക് പഞ്ചായത്തിലാണ് ഹരിതകർമ്മ സേനാംഗങ്ങൾക്ക് എൽ.ഇ.ഡി ടെക്നിഷ്യന്മാർ പരിശീലനം നൽകി. ഹരിത കർമ്മ സേനയെ ഗ്രീൻ ടെക്നിഷ്യന്മാരാക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് എൽ.ഇ.ഡി ക്ളിനിക്ക് ആരംഭിച്ചത്. പഞ്ചായത്തിൽ 23 വാർഡുകളിലായി 46 ഹരിതകർമ്മ സേനാംഗങ്ങളാണുള്ളത്. കേടായ എൽ.ഇ.ഡി ബൾബുകൾ കൂടുതലായി വീടുകളിൽ നിന്ന് ലഭിക്കുന്നതിനെ തുടർന്നാണ് പുനഃരുപയോഗിക്കുന്നത് സംബന്ധിച്ച് ആലോചന ഉണ്ടായത്. ഐ.ആർ.ടി.സിയാണ് പരിശീലനം നൽകിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.പി.സംഗീത ഉദ്ഘാടനം ചെയ്തു.