അമ്പലപ്പുഴ: പറവൂർ വാടക്കൽ അറപ്പ പൊഴിയിൽ ഇന്ന് പൊന്തുകൾ ആവേശതുഴയെറിയും. ആഴകടലിൽ ഒരാൾ തുഴഞ്ഞ് മീൻ പിടിക്കുന്ന പൊന്തുവള്ളം കളി ജലോത്സവം പ്രദേശത്തിന്റെ ആവേശമായി മാറും. പുതുവത്സര നാളുകളിൽ തീരത്തെ കാഴ്ചകൾ ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്കും പൊന്തുവള്ളം കളി കൗതുകമാകും. വാടയ്ക്കൽ പ്രതിഭാ ആർട്സ് ക്ലബാണ് നാലാമത് പൊന്തു ജലോത്സവം സംഘടിപ്പിച്ചിരുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 10,000, 5000, 3000 രൂപയും ട്രോഫിയും സമ്മാനിക്കും. ഇന്ന് ഉച്ച കഴിഞ്ഞ് 2ന് അറപ്പക്കൽ അമലോൽഭവ മാതാപള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കരുമാംശ്ശേരി ഫ്ലാഗ് ഒഫ് ചെയ്യും. വൈകിട്ട് പൊതുസമ്മേളനവും കലാപരിപാടികളും അരങ്ങേറും. ക്ലബ് പ്രസിഡന്റ് സാജൻ എബ്രഹാം അദ്ധ്യക്ഷനാകും.