
കുട്ടനാട്: കായംകുളം എം.എൽ.എയും സി.പി.എം നേതാവുമായ യു.പ്രതിഭയുടെ മകൻ പളനി നാൽപ്പട വീട്ടിൽ കനിവ് (20) ഉൾപ്പെട്ട ഒൻപതംഗ സംഘം കഞ്ചാവുമായി പിടിയിലായി. ഇന്നലെ ഉച്ചയോടെ തകഴി പാലത്തിന് സമീപത്തു നിന്നാണ് യുവാക്കളെ കുട്ടനാട് എക്‌സൈസ് സ്‌ക്വാഡ് പിടികൂടിയത്.
തകഴി വടക്കേപറമ്പിൽ സച്ചിൻ (21), വെറ്റേടൽ പറമ്പിൽ മിഥുൻ (24), തോട്ടകടവിൽ ജെറിൻ (21), മേത്തുംമാടം ജോസഫ് സോളൻ (22), തൈച്ചിറയിൽ ബെൽസൺ (22), വടക്കേപറമ്പിൽ സഞ്ചിത്ത് (20), അഖിലം വീട്ടിൽ അഭിഷേക് (23), കളക്കെട്ട്ചിറ സോജൻ (22) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. സംഘത്തിന്റെ പക്കൽ നിന്ന് മൂന്ന് ഗ്രാം കഞ്ചാവ് പിടികൂടിയതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. എം.എൽ.എയുടെ മകനെ ഒൻപതാം പ്രതിയാക്കിയാണ് കേസെടുത്തത്. സച്ചിന്റെ പക്കൽ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഇയാൾക്കെതിരെ കഞ്ചാവ് കൈവശം വച്ചതിനും മറ്റുള്ളവർക്കെതിരെ കഞ്ചാവ് ഉപയോഗിച്ചതിനുമാണ് കേസെടുത്തിട്ടുള്ളത്.
തകഴി പാലം കേന്ദ്രികരിച്ച് കഞ്ചാവ് വിൽപ്പനയും ഉപയോഗവും നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസ് പരിശോധന.
അടിസ്ഥാനരഹിതം: യു. പ്രതിഭ
മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് യു. പ്രതിഭ എം.എൽ.എ പ്രതികരിച്ചു. പ്രചാരണം അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്‌സൈസ് പിടികൂടിയതെന്നും എം.എൽ.എ ഫേസ്ബുക്ക് വീഡിയോയിലൂടെ പ്രതികരിച്ചു.