ആലപ്പുഴ: പൊലീസിന്റെയും എക്സൈസിന്റെയും ക്രിസ്മസ്,​ പുതുവത്സര സ്പെഷ്യൽ ഡ്രൈവ് കൂസാതെ ആഘോഷവും അക്രമവുമായി ജില്ലയിൽ ലഹരി മാഫിയയുടെ വിളയാട്ടം. എം.എൽ.എയുടെ മകൻ ഉൾപ്പെട്ട ഒമ്പത് അംഗ സംഘം കഞ്ചാവ് ഉപയോഗത്തിനിടെ പിടിയിലായതും ലഹരിമാഫിയകൾ തമ്മിലുള്ള കുടിപ്പകയിൽ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചതുമാണ് ഒടുവിലത്തെ സംഭവം.

ക്രിസ്മസ് - ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായാണ് ജില്ലയിൽ മയക്കുമരുന്ന് മാഫിയ ശക്തമായത്. പുതുവത്സരാഘോഷത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ജില്ലയിലെ വിജനമായ സ്ഥലങ്ങളിലും പാലങ്ങൾ, കായൽ,​ കടൽത്തീരങ്ങൾ, അതിർത്തി ഗ്രാമങ്ങളിലുൾപ്പെടെയുള്ള ലഹരിത്താവളങ്ങളിലും ആഘോഷം അടിച്ചുപൊളിക്കാനുള്ള ഒരുക്കത്തിലാണ്.

കരമാർഗം ലഹരി പ്രവാഹം

അയൽ സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് റോഡ് , ട്രെയിൻ മാർഗമാണ് ലഹരിയുടെ ഒഴുക്ക്. അന്യ സംസ്ഥാന തൊഴിലാളികളുൾപ്പെടെ ലഹരി മാഫിയയുടെ കണ്ണികളായി പ്രവർത്തിക്കുന്നുണ്ട്. അന്യസംസ്ഥാന ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ചും ലഹരി ഇടപാടുകളുണ്ട്. മുമ്പ് ആഘോഷ വേളകളിൽ വ്യാജ മദ്യവും സ്പിരിറ്റും കഞ്ചാവുമാണ് അതിർത്തി കടന്നുവന്നിരുന്നതെങ്കിൽ ഇപ്പോൾ തീവ്ര ലഹരി പകരുന്ന സിന്തറ്റിക്ക് ഡ്രഗുകളാണ് കേരളത്തിലെത്തുന്നത്. ഗന്ധം ഉൾപ്പെടെ ബാഹ്യമായി തിരിച്ചറിയാൻ യാതൊരു സൂചനകളുമില്ലാത്ത ഇവ രഹസ്യ വിവരങ്ങളുടെയോ,​ പരിശോധനയുടെയോ അടിസ്ഥാനത്തിൽ മാത്രമേ കണ്ടെത്താനാകൂ. അന്യസംസ്ഥാനട്രെയിനുകളിലാണ് ഏറ്റവും കൂടുതലായി ലഹരിയെത്തുന്നത്. ആഡംബര ബൈക്കുകൾ, കാറുകൾ , പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവയും കടത്തിനായി ഉപയോഗിക്കുന്നുണ്ട്. പച്ചക്കറി,മണ്ണ്, മത്സ്യക്കച്ചവടം തുടങ്ങിയ ഇടപാടുകളുടെ മറവിലും ജില്ലയിൽ ലഹരി ഇടപാടുകൾ നടക്കുന്നുണ്ട്. ഇത്തരം കടത്ത് കണ്ടെത്താൻ ബുദ്ധിമുട്ടാണെന്നതിലുപരി പണമിടപാട് ഉൾപ്പടെ തെളിയിക്കാനും പൊലീസിന് വെല്ലുവിളിയാണ്.

പരിശോധന ശക്തമാക്കി

പൊലീസും എക്സൈസും

അനധികൃത മദ്യ, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിന് എക്‌സൈസും പൊലീസും എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ശക്തിപ്പെടുത്തി. 24 മണിക്കുറൂം പ്രവർത്തിക്കുന്ന ജില്ല കൺട്രോൾ റൂം ജനുവരി 3വരെ എക്‌സൈസ് ഡിവിഷൻ ഓഫീസിൽ പ്രവർത്തിക്കും. വ്യാജമദ്യനിർമ്മാണം, വിപണനം, മദ്യകടത്ത്, മയുക്കുമരുന്നിന്റെ ഉപഭോഗം,വിപണനം എന്നിവ തടയുകയാണ് ലക്ഷ്യം. വിവരങ്ങൾ നൽകുന്നവരുടെ പേര് വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കും. വിവരങ്ങൾ നൽകുന്നവർക്ക് റിവാർഡ്, പാരിതോഷികം തുടങ്ങിയവ നൽകും.

#കൺട്രോൾ റൂം

നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി: 9497990040

ജില്ലാ എക്സൈസ് കൺട്രോൾ റൂം: 0477 2252049.
ടോൾ ഫ്രീ നമ്പർ ജില്ലാ കൺട്രോൾ റൂം
: 1800 425 2696,155358

എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ്: 0477 2251639

അസി. എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്): 9496002864

എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ: 9447178056

നാർക്കോട്ടിക്ക് സ്പെഷ്യൽ സ്‌ക്വാഡ്: 0477 2251639- 9400069494, 9400069495