ആലപ്പുഴ: രണ്ടാം കൃഷിയുടെ നെൽവില വിതരണം ആരംഭിച്ച് മാസമൊന്നായെങ്കിലും ലഭിച്ചത് പത്ത് ശതമാനത്തിൽ താഴെ കർഷകർക്ക് മാത്രം. സപ്ളൈകോയിൽ നിന്ന് എസ്.ബി.ഐയ്ക്കും കാനറാ ബാങ്കിനും കൈമാറിയ പേയ്മെന്റ് ലിസ്റ്റിന് അനുസരിച്ച് ബാങ്കുകൾ പി.ആർ.എസ് വായ്പ അനുവദിക്കാത്തതാണ് പ്രശ്നം. സപ്ളൈകോ കൈമാറുന്ന തുകയ്ക്ക് ആനുപാതികമായിട്ടാണ് ബാങ്കുകൾ പണം വിതരണം ചെയ്യുന്നത്.

ഇതാണ് നെൽവില വിതരണം വൈകുന്നതിന് പ്രധാന കാരണം.

പി.ആർ.എസ് രസീതുമായെത്തുന്ന കർഷകർക്ക് വായ്പയായി തുക അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനും പേമെന്റ് സപ്ളൈകോയ്ക്ക് കൂടി ബോദ്ധ്യപ്പെടുന്നതിനുമാണ് സപ്ളൈകോ പാഡി പേയ്മെന്റ് സോഫ്റ്റ് വെയർ പരിഷ്കരിച്ചത്. എന്നിട്ടും കാലതാമസം തുടരുന്നത് കർഷകരുടെ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

സോഫ്റ്റ് വെയറിൽ ബാങ്കുകളെകൂടി ഉൾപ്പെടുത്തി കാലതാമസം ഒഴിവാക്കാനാണ് സപ്ളൈകോ ശ്രമിച്ചതെങ്കിലും പേമെന്റിലെ കട്ട് ഓഫ് ഡേറ്റ് സമ്പ്രദായവും സർക്കാർ കൈമാറുന്ന തുകയ്ക്ക് അനുസരിച്ച് മാത്രം വായ്പ പരിമിതപ്പെടുത്തിയത് പ്രശ്‌നങ്ങൾക്ക് കാരണമായി.

രണ്ടാം കൃഷിയുടെയും പുഞ്ച കൃഷിയുടെയും കടക്കെണിക്കൊപ്പം വൃശ്ചിക വേലിയേറ്റവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള മഴയും മടവീഴ്ചയുമായി കർഷകർ ഇപ്പോൾ തന്നെ ദുരിതത്തിലാണ്.

പണം ലഭിച്ചവർ 10 ശതമാനത്തിൽ താഴെ

1.രണ്ടാം കൃഷിക്ക് ശേഷം പുഞ്ചകൃഷി വിളവിറക്കിയ കർഷകർ ക്രിസ്മസ് കൂടി പിന്നിട്ടതോടെ വളത്തിനും കീടനാശിനി പ്രയോഗത്തിനും കള നീക്കലിനും ഉൾപ്പടെ കൂലി ചെലവുകൾക്കും മാർഗമില്ലാതെ നട്ടം തിരിയുകയാണ്

2.രണ്ടാം കൃഷിയുടെ നെല്ല് സംഭരണം 96 ശതമാനം പൂർത്തിയായപ്പോൾ പത്ത് ശതമാനത്തിൽ താഴെ കർഷകർക്കാണ് പണം ലഭിച്ചത്. കൈകാര്യ ചെലവ് ഉൾപ്പെടെ കഴിഞ്ഞ സീസണിലേതുപോലെ കിലോ ഗ്രാമിന് 28.32 രൂപയാണ് നെല്ലുവിലയായി അനുവദിച്ചിട്ടുള്ളത്

3.കാനറാ ബാങ്ക് 1450 കർഷകർക്കായി 14.18 കോടി രൂപയും എസ്.ബി.ഐ 1315 കർഷകർക്കായി 10.06 കോടിരൂപയുമുൾപ്പെടെ 2765 കർഷകർക്കായി 24.24 കോടി രൂപയാണ് ഇന്നലെ വരെ വിതരണം ചെയ്തത്

4. 51,442 കർഷകരിൽ നിന്ന് 1264.17 ടൺ നെല്ല് സംഭരിച്ച വകയിൽ 358 കോടി രൂപ വിതരണം ചെയ്യേണ്ടിടത്ത് 333.78 കോടി രൂപ എപ്പോൾ ലഭിക്കുമെന്ന കാര്യത്തിൽ ആർക്കും തീർച്ചയില്ല

5. സർക്കാർ കൈമാറിയ പണത്തിന്റെ പരിധി കഴിഞ്ഞാൽ ബാങ്കുകൾ നെല്ലിന്റെ വില വായ്പയായി നൽകില്ല. മുൻവർഷങ്ങളിലേതുപോലെ പണത്തിനായി കർഷകർ മാസങ്ങളോളം കാത്തിരിക്കേണ്ടിവരുമെന്ന് സാരം.

.............................................

പുഞ്ചകൃഷിയിൽ രാസവള പ്രയോഗത്തിനും കീട നിവാരണത്തിനും മാർഗമില്ല. നെൽവില വിതരണം മന്ദഗതിയിലാണ്. എത്രയും വേഗം കർഷകർക്ക് നെല്ലിന്റെ വില ലഭിക്കാൻ സർക്കാർ ഇടപെടണം

- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി

.........................................

നെൽവില

വിതരണം

കർഷകർ: 2765

സംഭരിച്ചത് : 85.58മെട്രിക് ടൺ

കാനറാബാങ്ക്: 14.18 കോടി
എസ്.ബി.ഐ: 10.06കോടി
ആകെ: 24.24 കോടി