
ആലപ്പുഴ : ഡോ. മൻമോഹൻ സിംഗിന്റെ സംസ്കാരത്തിനും സ്മാരകത്തിനും പ്രത്യേക ഇടം കണ്ടെത്താത്തത് ഗൂഢ അജണ്ടയോടെ കേന്ദ്ര സർക്കാർ ഇടപെട്ടതുകൊണ്ടാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി മാദ്ധ്യമങ്ങളോട് പറഞ്ഞു. സംസ്‌കാരം നടത്തിയിടത്ത് സ്മാരകം നിർമ്മിക്കുന്നതാണ് സാധാരണ രീതി.
ലോകം ആദരിക്കുന്ന ഒരു മുൻ പ്രധാനമന്ത്രിയുടെ കാര്യത്തിൽ ഇത്ര വലിയ കൃത്യ വിലോപം നടത്തിയ സർക്കാരിനെ വിമർശിക്കാനാകില്ലെന്നാണോ? കോൺഗ്രസ് മാത്രമല്ല, ശിരോമണി അകാലിദളും രൂക്ഷമായാണ് വിമർശിച്ചത്.
സിഖ് സമുദായത്തിൽ നിന്ന് പ്രധാനമന്ത്രി പദത്തിലെത്തിയ മഹാനായ നേതാവിനോട് സർക്കാർ ഇത്ര അനാദരവ് കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കണം. സർക്കാർ കോൺഗ്രസ് പാർട്ടിയുമായോ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുമായോ യാതൊരു ചർച്ചയും നടത്തിയിട്ടില്ല. ഏറ്റവും അടുത്ത ബന്ധുക്കൾക്ക് പോലും ഇരിപ്പിടം ക്രമീകരിച്ചിരുന്നില്ല. കോൺഗ്രസ് അദ്ധ്യക്ഷനടക്കം ആഭ്യന്തര മന്ത്രിയോടും പ്രതിരോധ മന്ത്രിയോടും ആവശ്യപ്പെട്ടിട്ടും ആവശ്യമായ ക്രമീകരണങ്ങളൊന്നും ഒരുക്കാതെ മൻമോഹൻ സിംഗിന്റെ യശസിന് കേന്ദ്ര സർക്കാർ കളങ്കമുണ്ടാക്കിയെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.