ആലപ്പുഴ: യു.പ്രതിഭ എം.എൽ.എയുടെ മകൻ കനിവും കൂട്ടുകാരും കഞ്ചാവ് കൈവശം വച്ചതായും ഉപയോഗിച്ചതായും എക്സൈസ് എഫ്.ഐ.ആർ. കേസിൽ ഒമ്പതാം പ്രതിയാണ് കനിവ്. മകനെതിരെ പുറത്തുവന്നത് വ്യാജ വാർത്തയാണെന്ന വിശദീകരണവുമായി ഫേസ്ബുക്ക് ലൈവിലൂടെ യു.പ്രതിഭ രംഗത്തുവന്നതിന് പിന്നാലെയാണ് പ്രഥമ വിവര റിപ്പോർട്ട് പുറത്തായത്. മാദ്ധ്യമങ്ങൾ കള്ളവാർത്ത നൽകിയെന്നും നിയമനടപടി സ്വീകരിക്കുമെന്നുമായിരുന്നു എം.എൽ.എയുടെ വാദം.
കനിവിന് പുറമേ സുഹൃത്തുക്കളായ തകഴി വടക്കേപറമ്പിൽ സച്ചിൻ(21), വെറ്റേടൽ പറമ്പിൽമിഥുൻ(24), തോട്ടക്കടവിൽ ജെറിൻ(21), മേത്തുംമാടം ജോസഫ് സോളൻ( 22), തൈച്ചിറയിൽ ബെൽസൺ(22), വടക്കേപറമ്പിൽ സഞ്ജിത്ത്(20), അഖിലം വീട്ടിൽ അഭിഷേക്( 23), കളക്കെട്ട് ചിറ സോജൻ(22) എന്നിവരാണ് മറ്റ് പ്രതികൾ.
സംഘത്തിൽ നിന്ന് മൂന്നുഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന പുകയില മിശ്രിതം, പള്ളഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായത്തണ്ട് എന്നിവ കണ്ടെത്തിയതായും മഹസറിലുണ്ട്.
ശനിയാഴ്ച ഉച്ചയ്ക്ക് 1.10 ഓടെ തകഴി പഞ്ചായത്ത് ആറാം വാർഡിൽ പുലിമുഖം ബോട്ടുജെട്ടിക്ക് വടക്കുവശം പുലിമുഖം തോടിന്റെ കരയിലെ ബണ്ടിൽ നിന്നാണ് കനിവിനെയും കൂട്ടുകാരെയും മഫ്തിയിലെത്തിയ എക്സൈസ് സംഘം പിടികൂടിയത്. യുവാക്കൾ സംഘം ചേർന്ന് ലഹരി ഉപയോഗിക്കുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കേസെടുത്തശേഷം പിന്നീട് ജാമ്യത്തിൽ വിട്ടു. ഇന്നലെയാണ് എക്‌സൈസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.