mt-vasudevan

മാന്നാർ : എം.ടി വാസുദേവൻ നായരുടെ കഥകളും നോവലുകളും വായിച്ചു വളർന്ന മാന്നാർ നായർ സമാജം ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്സ് അദ്ധ്യാപകനായ ഗോപകുമാർ,​ ആ ഇതിഹാസ സാഹിത്യകാരൻ കൈയൊപ്പ് ചാർത്തി നൽകിയ പുസ്തകങ്ങൾ ഹൃദയത്തോട് ചേർത്തു പിടിക്കുകയാണ്.

എം.ടിയുടെ കഥകളും നോവലുകളും വായിക്കാൻ തുടങ്ങിയ കാലം മുതൽ എഴുത്തിന്റെ കുലപതിയെ നേരിൽ കാണണമെന്ന മോഹം മുള പൊട്ടിയിരുന്നു. എന്നാൽ,​ എണ്ണയ്ക്കാട് വാരിശ്ശേരിൽ ഗോപകുമാർ എന്ന അദ്ധ്യാപകന് എം.ടി യുടെ അവസാന നാളുകളിലാണ് കാണാൻ കഴിഞ്ഞത്.

അതൊരു പുണ്യമായി അദ്ദേഹം മനസിൽ കൊണ്ടുനടക്കുന്നു.

കഴിഞ്ഞ മേയ് ആറിന് മകൻ കാർത്തികേയനെ കോഴിക്കോടുള്ള എൻട്രൻസ് പരിശീലന കേന്ദ്രത്തിൽ എത്തിച്ച ശേഷം ഏറെ അന്വേഷിച്ച് കിലോമീറ്ററുകളോളം നടന്നാണ് നടക്കാവ് കൊട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലെത്തിയത്.

എന്നാൽ,​ അദ്ദേഹം ഇവിടെയില്ലെന്ന് അറിഞ്ഞപ്പോൾ മടങ്ങിപ്പോകാൻ തോന്നിയില്ല. മൂന്ന് മണിക്കൂറോളം എം.ടി യുടെ വരവും കാത്ത് ആ വഴിത്താരയിൽ കാത്ത് നിന്നു. ഒടുവിൽ അദ്ദേഹം എത്തിയപ്പോൾ

ഏറെ ക്ഷീണിതനായിരുന്നു.

അനാരോഗ്യം കാരണം സന്ദർശനത്തിന് വിലക്കായിരുന്നെങ്കിലും ഏറെ ദൂരം താണ്ടിയെത്തിയ തന്റെ ആഗ്രഹം അറിയിച്ചപ്പോൾ ബന്ധുക്കൾ ഒടുവിൽ അനുവാദം നൽകി. എം.ടിയുടെ കാലിൽ തൊട്ട് തൊഴുതശേഷം സ്വയം പരിചയപ്പെടുത്തി. എല്ലാം ചെറു മൂളലോടെ അദ്ദേഹം കേട്ടിരുന്നു. ഒടുവിൽ കൈയിൽ കരുതിയിരുന്ന പുസ്തകത്തിൽ എം.ടിയുടെ കൈയൊപ്പും വാങ്ങി മടക്കം. ഭാര്യ പ്രീതയ്‌ക്കും പിന്നീട് മകൻ കാർത്തികേയനുമൊപ്പം രണ്ട് തവണ കൂടി എം.ടിയെ സന്ദർശിക്കാൻ ഗോപകുമാറിന് അവസരം ലഭിച്ചു.

മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്റെ ഭൗതിക ശരീരം കോഴിക്കോടിന്റെ മണ്ണ് ഏറ്റുവാങ്ങുമ്പോൾ ഗോപകുമാർ ആ കൈയൊപ്പിൽ തഴുകുകയായിരുന്നു.